ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണം; വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആര്‍.സി.സി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
സംഭവത്തില്‍ കൂടുതല്‍ വ്യക്തവും വിശദവുമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്‍.സി.സി ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ലിഫ്റ്റില്‍ നിന്നും വീണ നദീറയുടെ തലയ്ക്ക് ക്ഷതം ഏറ്റത് എങ്ങിനെയാണ്, ആര്‍.സി.സിയിലെ ലിഫ്റ്റുകള്‍ക്ക് വാര്‍ഷിക കരാര്‍ ഉണ്ടോ, നദീറയുടെ ആശ്രിതന് ആര്‍.സി.സിയില്‍ ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അപകടത്തിന്റെ കാരണം അറിയാനായി സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിത്സയില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സെപ്റ്റംബര്‍ 24നകം എല്ലാ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ മെയ് മാസം 15 നാണ് ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് നദീറയ്ക്ക് പരിക്കേറ്റത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. രോഗിയായ അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നദീറ അപകടത്തില്‍പ്പെട്ടത്. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേക്ക് വീഴുകയായിരുന്നു.