തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 24 കാരിയായ അര്‍ച്ചനയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അര്‍ച്ചനയുടെ പിതാവ് ആരോപിച്ചു. അര്‍ച്ചനയെ കൊല്ലാനായി ഭര്‍ത്താവ് സുരേഷ് നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും ഇതിന്റെ ഭാഗമായി ഇയാള്‍ ഒരു ലിറ്റര്‍ ഡീസല്‍ കൊലപാതകം നടക്കുന്നതിന് തലേദിവസം തന്നെ വാങ്ങിവെച്ചിരുന്നുവെന്നും അര്‍ച്ചനയുടെ പിതാവ് പറയുന്നു.
ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ വാങ്ങിയതെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നതെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിതാവിന്റെ പ്രതികരണം.
അര്‍ച്ചനയുടെ അച്ഛന്റെ വാക്കുകള്‍:
‘വളരെ ബുദ്ധിമുട്ടിയാണ് ഈ വിവാഹം നടത്തിയത്. കഴിഞ്ഞ 9 വര്‍ഷമായി ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. എല്ലാവരുടെയും സഹായം കൊണ്ടാണ് വിവാഹം നടത്തിയത്. എന്നാല്‍ കഴിയുന്ന രീതിയില്‍ എല്ലാ ചടങ്ങുകളും പാലിച്ചാണ് വിവാഹം നടത്തിയത്. പത്ത് പതിനെട്ട് പവന്റെ സ്വര്‍ണ്ണവും കൊടുത്തു.
ഇടക്കിടയ്ക്ക് വീട്ടില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടായിരുന്നു സുരേഷിന്. ഞാന്‍ ഒരിക്കല്‍ നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഇടയ്ക്ക് മദ്യപിച്ച് ഒക്കെ വരുമെന്ന് മകള്‍ പറഞ്ഞത്. അപ്പോള്‍ വീട്ടില്‍ വഴക്കൊക്കെ ഉണ്ടാക്കുമെന്നും മകള്‍ പറഞ്ഞു. അതൊന്നും അച്ഛനോട് പറയാത്തതാണ് എന്നും അവള്‍ പറഞ്ഞു.
പ്രണയവിവാഹമായതുകൊണ്ട് പലതും എന്നോട് മകള്‍ പറഞ്ഞിരുന്നില്ല. ബി.എസ്.സി. നഴ്‌സിംഗ് കഴിഞ്ഞയാളാണ് മകള്‍. എന്നിട്ടും ജോലിക്ക് പോലും വിടാന്‍ സുരേഷ് തയ്യാറായില്ല.
സുരേഷ് പണമൊന്നും ചോദിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സുരേഷിന്റെ അച്ഛന്‍ വീട്ടിലെത്തിയാണ് എന്നോട് കുറച്ച് പണം ആവശ്യപ്പെട്ടത്.
ഇന്നലെ പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. അധികം അയല്‍ക്കാരൊന്നുമില്ലാത്ത സ്ഥലത്താണ് സുരേഷിന്റെ വീട്. എല്ലാവരും ഉറങ്ങിയ സമയത്തായിരുന്നു സംഭവം. ഇവന്‍ അത് ചെയ്തിട്ട് ഇറങ്ങിയോടിക്കാണും.
ഇന്നലെ രാത്രി രണ്ടുപേരും വീട്ടില്‍ വന്നിരുന്നു. രണ്ടുപേരും വളരെ സന്തോഷമായിട്ട് ഭക്ഷണം കഴിച്ചിട്ടൊക്കെയാണ് പോയത്. അതിന് ശേഷമാണ് ഈ സംഭവം. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. തലേദിവസം സുരേഷ് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങിയിരുന്നു. വീട്ടില്‍ ഉറുമ്പ് ശല്യമാണെന്നും ഉറുമ്പിനെക്കൊല്ലാനാണ് ഡീസലെന്നുമായിരുന്നു പറഞ്ഞത്. ഇതില്‍ നിന്നെല്ലാം വ്യക്തമാണ് അവന്‍ കരുതിക്കൂട്ടി ചെയ്തതാണിത്’.
വെങ്ങാനൂര്‍ സ്വദേശിയായ 24കാരി അര്‍ച്ചനയെയാണ് വിഴിഞ്ഞത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.
വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Woman Died In Vizhinjam Husband Caught By Police