ഇരുമ്പ് കസേരയിലിരുത്തി ഷോക്കടിപ്പിച്ചു, അനാവശ്യമായി മരുന്ന് കഴിപ്പിച്ചു, 'മുസ്‌ലിമായ കുറ്റത്തിന്' ക്രൂരമായി പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍
World News
ഇരുമ്പ് കസേരയിലിരുത്തി ഷോക്കടിപ്പിച്ചു, അനാവശ്യമായി മരുന്ന് കഴിപ്പിച്ചു, 'മുസ്‌ലിമായ കുറ്റത്തിന്' ക്രൂരമായി പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 8:08 pm

ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ ചൈനയുടെ ക്രൂരത തുറന്ന്് പറഞ്ഞ് മുസ്‌ലിം യുവതി. ചൈനീസ് സര്‍ക്കാരിന്റെ ഡിറ്റെന്‍ഷന്‍ ക്യാംപില്‍ അനുഭവിച്ച ക്രൂരമായ പീഡനമുറകാളാണ് ഉയിഗൂര്‍ യുവതി തുറന്ന് പറഞ്ഞത്.

“”നാല് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു. മുടി ഷേവ് ചെയ്യിപ്പിച്ചു. ശരീരത്തില്‍ അനാവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തി””. മൂന്നാം തവണ അറസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ക്രൂര പീഡനമെന്ന് മിഹൃഗുല്‍ ടുര്‍സുന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രൂരമായി പീഡനത്തിനും നല്ലത് തന്നെ കൊല്ലുന്നതാണെന്ന് ഒരുവേള അവരുടെ കാല് പിടിച്ച് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കി. ചൈനയില്‍ ഉയിഗൂര്‍ വംശത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്രൂര പീഡനങ്ങളെ കണ്ണീരോടെയാണ് അവര്‍ വിവിരിച്ചത്.

‘’മുടി മുറിച്ചു, ഷോക്കടിപ്പിച്ചു,  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു’’ 

ചൈനയില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ പിന്നീട് പഠനാവശ്യങ്ങള്‍ക്കായിട്ടായി ഈജിപ്തിലേക്ക് പോയി. അവിടെ വെച്ചായിരുന്നു വിവാഹം. 2015ല്‍ കുടുംബത്ത സന്ദര്‍ശിക്കാന്‍ ചൈനയില്‍ എത്തിയപ്പോഴാണ് കരുതല്‍ തടങ്കലില്‍ വെക്കുന്നത്. അതോടെ കുട്ടികളുമായി അകന്നു. ശേഷം മൂന്ന് മാസത്തിന് ശേഷം ജയില്‍ മോചിതയായി. ഈ കാലയളവില്‍ ഒരു കുഞ്ഞ് മരണപ്പെട്ടു. മറ്റുകുട്ടികളുടെ ആരോഗ്യം വഷളായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു.

ALSO READ:യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല ആര്‍.എസ്.എസ്‌കാരന്റെ കാല് പൊന്തുന്നത്; പൊലീസിനെ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ശോഭാ സുരേന്ദ്രന്‍ -വീഡിയോ കാണാം

ഏതാനും മാസം തടവില്‍ പാര്‍പ്പിച്ച ശേഷം ടുര്‍സുനെ വീണ്ടും വിട്ടയച്ചു. പീന്നീടാണ് മൂന്നാം തവണ അറസ്റ്റ് ചെയ്യുന്നത്. അസ്വസ്ഥത നിറഞ്ഞ തടവറയാണ് തനിക്ക് ലഭിച്ചതെന്ന് ടുര്‍സുന്‍ പറയുന്നു. താനടക്കം 60 പേര്‍ അതിനകത്തുണ്ടായതായി അവര്‍ പറഞ്ഞു. ശുചിമുറിയില്‍പോലും കാമറ ഉണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിക്കുന്ന പാട്ട് നീര്‍ബന്ധപൂര്‍വം പാടിപ്പിച്ചു. പലതരത്തിലുള്ള മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തന്നെ വിധേയയാക്കി.

ഇങ്ങനെ പലതരത്തിലുള്ള ഗുളിക കഴിപ്പിച്ചതോടെ പലതവണ തങ്ങള്‍ക്ക് തലകറക്കം ഉണ്ടായതായി അവര്‍ ഓര്‍മിച്ചെടുത്തു. പ്രത്യേക വെളുത്ത ലായനി ഞങ്ങളെകൊണ്ട് നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചു. ഇതോടെ ചിലര്‍ക്ക് ബ്ലീഡിങ് ഉണ്ടായി. മറ്റുചിലരുടെ ആര്‍ത്തവം നിലച്ചു. മൂന്നുമാസത്തിനിടെ തടവറയില്‍ ഒമ്പത് പേര്‍ മരിച്ചതായി ടുര്‍സുന്‍ പറയുന്നു.

തടവയിലെ കരാള ദിനത്തെ ഭീതിയോടെയാണ് അവര്‍ ഓര്‍ത്തെടുത്തത്. ഒരു ദിവസം ടുര്‍സുനെ പ്രത്യേക മുറിയിലേക്ക് വിളിപ്പിച്ചു. ഉയര്‍ന്ന കസേരയില്‍ ഇരുത്തി. ഹെല്‍മെറ്റ് പോലെയെന്തോ തലയില്‍ വെച്ചു. പിന്നീട് തന്നെ ഷോക്കടിപ്പിച്ചെന്നും ടുര്‍സുന്‍ പറഞ്ഞു. അന്നത്തെ പലകാര്യങ്ങളും ഓര്‍മിക്കുമ്പോള്‍ ഭയമാണെന്ന് ടുര്‍സുന്‍ പറയുന്നു. അന്ന് ഞാന്‍ കേട്ട അവസാന വാക്ക് ഉയിഗൂര്‍ വംശജയായതാണ് നിങ്ങളുടെ കുറ്റം എന്നതായിരുന്നു.

ചൈനയില്‍ ഉയിഗൂര്‍ വിഭാഗത്തെ ലക്ഷ്യമിട്ട് വ്യാപക വംശീയ ഉന്‍മൂലനമാണ് നടക്കുന്നത്. രണ്ട് മില്യണ്‍ ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ ഇതിനോടകം ചൈനയിലെ വിവിധ ക്യാംപുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. മതജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ബലം പ്രയോഗിച്ച് കല്‍പ്പിക്കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.

അതേ സമയം ടുര്‍സുന്റെ ആരോപണങ്ങളോട് ഇതുവരെ ചൈന പ്രതികരിച്ചട്ടില്ല. ചൈനയില്‍ കേണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഇല്ലെന്നാണ് ചൈനയുടെ വാദം. ഏപ്രില്‍ 2017 തൊട്ട് ഏകദേശം രണ്ട് മില്യണ്‍ ഉയിഗൂര്‍, കസാക്ക്, മുസ്‌ലിങ്ങളെ അനാവശ്യമായി തടവറയില്‍ പാര്‍പ്പിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍.