വള്ളിക്കുന്ന്: മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കാനുണ്ടായ കാരണം സ്ത്രീധന പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍. ചാലിയം സ്വദേശി ലിജിനിയാണ് ആത്മഹത്യ ചെയ്തത്.
പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാലുവും വീട്ടുക്കാരും യുവതിയെ നിരന്തരം മര്‍ദിച്ചതായി യുവതിയുടെ സഹോദരി ആരോപിച്ചു.
സ്ത്രീധന പീഡനത്തിന് പുറമേ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതും മര്‍ദനത്തിന് കാരണമായിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു.
ശാലുവിന്റേയും ലിജിനിയുടേയും വിവാഹ സമയത്ത് 50 പവന്റെ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. വീട്ടുപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം വീണ്ടും ആവശ്യപ്പെട്ട് ശാലുവിന്റെ വീട്ടുക്കാര്‍ ലിജിനിയെ മര്‍ദിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് സ്ത്രീധനം കൂടുതല്‍ കിട്ടുന്നതുവരെ മറ്റ് വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാന്‍ ലിജിനിയെ അനുവദിച്ചിരുന്നില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
ഇരുവരുടേയും വിവാഹ സമയത്ത് ശാലു ഓട്ടോ ഡ്രൈവര്‍ ആയിരുന്നെന്നും പിന്നീട് വലിയ സാമ്പത്തിക സ്ഥിതിയിലേക്ക് വളര്‍ന്നതോടെ ലിജിനിക്ക് സൗന്ദര്യം പോരെന്നും സ്ത്രീധനം വീണ്ടും ആവശ്യപ്പെടുകയായിരുന്നെന്നും സഹോദരി പറഞ്ഞു.
ശാലുവിന്റെ അമ്മ വാങ്ങിയ താലിമാലയാണെന്ന് പറഞ്ഞ് ലിജിനിയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് ശാലുവിന്റെ സഹോദരി ഷൈമ ലിജിനിയെ മര്‍ദിക്കുകയും ചെയ്‌തെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമായിരിക്കും കാരണക്കാരെന്ന് ലിജിനി ഡയറിയില്‍ എഴുതി വെച്ചിരുന്നതായും എന്നാല്‍ ഈ ഡയറി ഭര്‍തൃവീട്ടുകാര്‍ കത്തിച്ച് കളഞ്ഞതായും സഹോദരി കൂട്ടിച്ചേര്‍ത്തു.
Content Highlights: Woman commits suicide by jumping in front of train at Vallikunnu; Relatives say dowry harassment