യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത
national news
യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th June 2021, 12:54 pm

പാലക്കാട്: പാലക്കാട് ഭാര്യയെ പത്തു വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സജിതയുമായും റഹ്മാനുമായും വിശദമായി സംസാരിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട് സന്ദര്‍ശിക്കുകയും ചെയ്‌തെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

സാധാരണ മനുഷ്യര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അസാധാരണ സംഭവമാണിത്. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കുകയായിരുന്നു. അവര്‍ പറയുന്നതുപോലെ വളരെ സമ്പുഷ്ടമായ ദാമ്പത്യമാണ് അവര്‍ക്കിടയില്‍ നടക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായതായി അവര്‍ സമ്മതിക്കുന്നില്ല.

റഹ്മാനും സജിതയും ഇനിയുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകണം എന്നുതന്നെയാണ് വനിതാ കമ്മീഷന്റെയും ആവശ്യം. അതിന് എല്ലാവരുടെയും പിന്തുണ വേണം. പക്ഷെ ഈ വിഷയത്തില്‍ എന്തൊക്കെയോ അവിശ്വസനീയമായ സംഭവങ്ങളുണ്ടെന്ന് വനിതാ കമ്മീഷന്‍ ഉറച്ച് വിശ്വസിക്കുന്നു. അവരുമായി ദീര്‍ഘമായി സംസാരിച്ചു.

ആ വീടിന്റെ മുറികളെല്ലാം ഞങ്ങള്‍ കാണുകയുണ്ടായി. ഒരു സാധാരണ വീട്ടിലുണ്ടാകുന്ന കുളിമുറിയുടെ വലുപ്പം പോലുമില്ലാത്ത മുറിയില്‍ 10 വര്‍ഷം ഒരു യുവതിയെ ഒരു അല്ലലും അലട്ടലുമില്ലാതെ സംരക്ഷിച്ചു എന്ന് പറയുന്നതിനോട് പൂര്‍ണമായും യോജിക്കാന്‍ പറ്റുന്നില്ല. ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് സാങ്കേതികമായി പൊലീസ് അന്വേഷിക്കണം,’ എം.സി. ജോസഫൈന്‍ പറഞ്ഞു.

അതേസമയം ഇനിയെങ്കിലും തങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് മൊഴിയെടുക്കലിനിടെ സജിത വനിതാ കമ്മീഷനോട് പറഞ്ഞത്.

ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു.

തന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താന്‍ അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും സജിത പറഞ്ഞു.

അതേസമയം സജിത ഒളിവില്‍ താമസിച്ചതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Woman commission chairperson says Sajith-Rahman issue is unbelievable