| Saturday, 9th June 2018, 2:15 pm

ബാബ രാംദേവ് ആട്ടിന്‍ തോലിട്ട ചെന്നായ; കൊലപാതകം വരെ നടത്തിയ ക്രിമിനലാണ് അയാള്‍; വെളിപ്പെടുത്തലുമായി മുന്‍ അനുയായിയായ യുവതി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അനുയായിയായ യുവതി. ഡോ. മീര എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ രാംദേവിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണ് രാംദേവെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

സന്യാസിനി ആവണമെന്ന ആഗ്രഹത്തോടെയായിരുന്നു രാംദേവിനൊപ്പം ചേര്‍ന്നതെന്നും എന്നാല്‍ അയാള്‍ക്കൊപ്പം ചേര്‍ന്ന ശേഷമാണ് ഒരു ക്രിമിനലാണ് വ്യാജ സന്യാസ വേഷം ധരിച്ചതെന്ന സത്യം താന്‍ തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.

“” ഞാന്‍ ഡോ. മീര. ഹരിദ്വാറാണ് സ്വദേശം. മതപരമായ വഴികള്‍ പിന്തുടരാന്‍ ആഗ്രഹിച്ച ശേഷമാണ് ഞാന്‍ രാംദേവിനൊപ്പം ചേരുന്നത്. എന്നാല്‍ ഞാന്‍ അവിടെ കണ്ട ക്രൂരത എനിക്ക് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ല. ക്രിമിലുകളായ ചിലര്‍ മതത്തിന്റെ കുപ്പായമെടുത്ത് ധരിച്ചിരിക്കുന്നു. സ്വദേശി എന്ന പേരില്‍ അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. എന്നാല്‍ അവര്‍ സ്വന്തം കാലില്‍ വുഡ്‌ലാന്റിന്റെ ഷൂ ധരിക്കും. കപട ഭക്തര്‍.. ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചത് ഇവരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൊണ്ട് ഞാന്‍ പലയിടത്തും കയറിയിറങ്ങി. എന്നാല്‍ കാര്യമുണ്ടായില്ല””- യുവതി വീഡിയോയിയില്‍ പറയുന്നു.


 Dont Miss ഇത് അപമാനകരം; നിങ്ങള്‍ക്ക് ഹലേലുയ പാടാന്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ക്ക് ഇനി കഴിയില്ല; രാജ്യസഭാ സീറ്റ് തീരുമാനത്തില്‍ വിമര്‍ശനവുമായി ബല്‍റാം


പതഞ്ജലി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത് 2010 നവംബറില്‍ ചണ്ഡീഗഡില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ബാബ രാംദേവിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതെല്ലാം നിഷേധിക്കുകയായിരുന്നു. കൊലക്കുറ്റം തനിക്ക് മേല്‍ ചുമത്താന്‍ ചിലര്‍ മനപൂര്‍വം കളിക്കുകയാണെന്നായിരുന്നു 2012 ല്‍ ബാബ രാംദേവ് പി.ടി.ഐയോട് പ്രതികരിച്ചത്.

ദീക്ഷിതിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് രാംദേവും സംഘവും പറയുമ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ലെന്നും ഇതിന് പിന്നില്‍ പല കളികളും നടന്നിട്ടുണ്ടെന്നും എഴുത്തുകാരനായ ഭാവ്ദീപ് കന്‍ഗ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു.

രാംദേവിനെതിരെയുള്ള തന്റെ ആരോപണങ്ങള്‍ 44 പേജുള്ള ഒരു കത്താക്കി താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചിരുന്നെന്നും എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നും യുവതി പറയുന്നുണ്ട്.

“”താന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇതുപറയുമെന്ന് ഒരു പക്ഷേ അവര്‍ തിരിച്ചറിഞ്ഞിരിക്കാമെന്നും അവര്‍ രാംദേവുമായി ചേര്‍ന്ന് ഇതിനിടെ തന്നെ കാര്യങ്ങള്‍ സെറ്റില്‍ ചെയ്ത് കഴിഞ്ഞിരുന്നു. രാംദേവിനെതിരെ താന്‍ നല്‍കിയ മൂന്ന് കേസുകള്‍ കോടതിയില്‍ നിലവിലുണ്ട്. അതില്‍ രണ്ട് കേസുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ ഒന്ന് ചിലര്‍ മുക്കി. അതിനെ കുറിച്ച് അറിയാനായി ഞാന്‍ ആര്‍.ടി.ഐ ഫയല്‍ ചെയ്തു. മന്ത്രിയെ കണ്ടു. അതിന് പിന്നാലെ കേസ് കോടതിക്ക് മുന്നില്‍ വന്നിട്ടുണ്ട്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാം. പക്ഷേ ആരും മുന്നോട്ടുവരുന്നില്ല. എസ്.പി, ഡി.എസ്.പി മുഖ്യമന്ത്രി ഉള്‍പ്പെടെ””- യുവതി വീഡിയോയില്‍ പറയുന്നു.

പതഞ്ജലി ബ്രാന്‍ഡിന് കീഴില്‍ വിറ്റഴിക്കുന്നത് വ്യാജ ഉത്പ്പന്നങ്ങളാണെന്നും ഗുരുവിന്റെ കൊലപാതക കേസിലെ പ്രതികളാണ് ഇപ്പോള്‍ സ്വദേശിയെന്ന പേരില്‍ വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതെന്നും യുവതി പറയുന്നു.

“” ശുദ്ധമെന്ന് പറഞ്ഞ് അവര്‍ വിറ്റഴിക്കുന്ന തേനും നെയ്യും എല്ലാം വ്യാജ ഉത്പ്പന്നങ്ങളാണ്. അവരുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഞാനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് കൃത്യമായി എനിക്കറിയാം. മാത്രമല്ല അതിന്റെയെല്ലാം കൃത്യമായ തെളിവുകളും എന്റെ പക്കലുണ്ട്.

200 രൂപയുടെ മരുന്ന് അവര്‍ 20 രൂപയ്ക്ക് കൊടുക്കുന്നു. ഒരു അന്വേഷണം നടത്താന്‍ ഞാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്. ക്രൂരമായ പല സത്യങ്ങളും അപ്പോള്‍ പുറത്തുവരുമെന്ന് എനിക്ക് ഉറപ്പാണ്. കപടനാട്യക്കാരനാണ് രാംദേവ്. സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങള്‍ ഉപയോഗിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ 2011 ജൂണ്‍ 4 ന് രാംലീലയില്‍ നിന്നും അയാള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എല്ലാവര്‍ക്കും അറിയാം.

ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഒരു സന്യാസിയുടെ ജീവിതം നയിക്കുന്നുവെന്നുമാണ് അയാള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ “സേവിക്കാന്‍” നിരവധി “ഹണിപ്രീതുമാരുണ്ട്”.

കോടിക്കണക്കിന് രൂപയാണ് രാംദേവ് ഓരോ മാസവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. പുനിയ പ്രസുന്‍ ബജ്‌പേയി പോലുള്ള മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാമാണ് യഥാര്‍ത്ഥ ബാബ””- യുവതി പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more