|

സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനം: ഛത്തീസ്ഗഡ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്‌പൂർ: സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും നീതിക്കും എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു. ആർട്ടിക്കിൾ 21 മൗലികാവകാശങ്ങളുടെ കാതലാണെന്നും കോടതി എടുത്ത് പറഞ്ഞു. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടേതാണ് നിരീക്ഷണം.

പങ്കാളിക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2024 ഒക്ടോബർ 15ലെ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹരജിക്കാരൻ ഹൈക്കോടതിയിലെത്തിയത്. കന്യകാത്വ പരിശോധന നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കുടുംബ കോടതി നിരസിച്ചിരുന്നു.

പങ്കാളിയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നതാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

‘ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മാത്രമല്ല, സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നു. ഒരു സ്ത്രീയെയും കന്യകാത്വ പരിശോധന നടത്താൻ നിർബന്ധിക്കാൻ കഴിയില്ല. ഇത് ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ആർട്ടിക്കിൾ 21 മൗലികാവകാശങ്ങളുടെ കാതലാണെന്ന് മനസിലാക്കുക,’ ഹൈക്കോടതി പറഞ്ഞു.

2023 ഏപ്രിൽ 30 തിനായിരുന്നു ഇരുവരും വിവാഹിതരായത്. പങ്കാളിക്ക് വന്ധ്യതയുണ്ടെന്ന് യുവതി കുടുംബാംഗങ്ങളോട് പറഞ്ഞതായും യുവാവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി 2024 ജൂലൈ രണ്ടിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 144 പ്രകാരം ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചു. പിന്നാലെ ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും അവർക്ക് സഹോദരീഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും ആരോപിച്ചുകൊണ്ട് യുവാവ് പരാതി നൽകുകയായിരുന്നു.

Content Highlight: Woman cannot be forced to undergo virginity test; ‘violation of Article 21: HC