ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കാനാകില്ല: കേരള ഹൈക്കോടതി
national news
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കാനാകില്ല: കേരള ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 5:34 pm

കൊച്ചി: ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 345 എ പ്രകാരം സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയാലും കേസ് എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.

തന്റെ ഭർതൃസഹോദരി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേൽ തീർപ്പ് കൽപ്പിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം. ലൈംഗികാതിക്രമം കൈകാര്യം ചെയ്യുന്ന ഐ.പി.സി 354 എ വകുപ്പ് പുരുഷന്മാരുടെ പ്രവൃത്തികൾക്ക് മാത്രമേ ബാധകമാകൂ എന്നും ഹൈക്കോടതി പറഞ്ഞു.

 

‘ഐ.പി.സിയുടെ സെക്ഷൻ 354എ , സെക്ഷൻ 354എ(1), (2), (3) എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരുടെ പ്രവർത്തികളാണ്. അതിനാൽ ഈ നിയമപ്രകാരം കുറ്റാരോപിതനായ വ്യക്തിയെ ‘ഏതെങ്കിലും വ്യക്തി’ എന്നതിനുപകരം ‘ഒരു പുരുഷൻ’ എന്ന പദം ആണ് ഉപയോഗിക്കുന്നത്. കൂടാതെ ഈ നിയമനിർമാണത്തിന്റെ ഉദ്ദേശം ഐ.പി.സിയുടെ 354 എ വകുപ്പിൻ്റെ പരിധിയിൽ നിന്ന് സ്ത്രീയെ/സ്ത്രീകളെ ഒഴിവാക്കുക എന്നതാണ്. അതിനാൽ, ഐ.പി.സിയുടെ 354 എ വകുപ്പ് സ്ത്രീകൾക്ക് ബാധകമാകില്ല,’ കോടതി പറഞ്ഞു.

ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പണവും സ്വത്തും ആവശ്യപ്പെട്ട് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ഒരു മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ ഉപദ്രവിച്ചെന്നും യുവതി പരാതിപ്പെട്ടു.

ഗ്യാസ് സ്റ്റൗവിൽ കൃത്രിമം കാണിച്ചും പഠനം തടസപ്പെടുത്തിയും ഭർത്തൃമാതാവ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞു. ഭർതൃസഹോദരി ഭീഷണിപ്പെടുത്തി തന്നെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നും അവർ ആരോപിച്ചു.

ഐ.പി.സി സെക്ഷൻ 498A (ഭർത്താവിൻ്റെയോ ബന്ധുവിൻ്റെയോ ക്രൂരത), 354A (ലൈംഗിക പീഡനം), എന്നിവ പ്രകാരം പ്രതികൾക്കെതിരെ യുവതി ക്രിമിനൽ നടപടികൾ ഫയൽ ചെയ്തിരുന്നു.

യുവതിയുടെ ഭർത്തൃമാതാവും നാത്തൂനും പിന്നീട് തങ്ങൾക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളിക്കളയാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റങ്ങൾ തെളിയിക്കാൻ തങ്ങൾക്കെതിരെ ആരോപണങ്ങളൊന്നും ഇല്ലെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പ് പ്രകാരം സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഇവരുടെ അഭിഭാഷകൻ വാദിച്ചു.

തുടർന്ന് കോടതി ലൈംഗിക പീഡന ആരോപണങ്ങൾ റദ്ദാക്കി. എന്നാൽ യുവതിയുടെ മറ്റ് ആരോപണങ്ങളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരം ഭർത്താവിനെ വിചാരണ ചെയ്യുമെന്നും പറഞ്ഞു.

 

Content Highlight: Woman cannot be charged for sexual harassment of another woman: Kerala High Court