പ്രസവിക്കുന്നത് ഭാര്യയാണ് , നിങ്ങളല്ല. അതുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ചികില്‍സ നിഷേധിച്ച് ജീവന് ഭീഷണി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അറിവില്ലായ്മ കൊണ്ടോ നിങ്ങളുടെ നിര്‍ബന്ധമോ പേടിയോ കൊണ്ടോ ആ സ്ത്രീ ആത്മഹത്യാപരമായ തീരുമാനത്തിനു മുതിരുമ്പൊഴും അവരുടെ ജീവന്‍ മാത്രമല്ല അപകടപ്പെടുത്തുന്നത്. കുഞ്ഞിന്റെ ജീവനുകൂടിയാണ്.
ആരുടേതായി ജനിക്കുന്നു എന്നത് നിര്‍ണ്ണയിക്കുന്ന ചിലതുണ്ട്. ജാതി, മതം, സാമ്പത്തികസ്ഥിതി, ജീവിക്കുന്ന ഭൂപ്രദേശം തുടങ്ങി കുറേയേറെ കാര്യങ്ങള്‍ നമ്മുടെ കൈപ്പിടിയിലല്ല. എന്തിന് പറയുന്നു, ആയുഷ്‌കാലം മുഴുവന്‍ കേട്ടാല്‍ തിരിഞ്ഞ് നോക്കേണ്ട സ്വന്തം പേര് പോലും ആരുടെയെങ്കിലും സംഭാവനയാണ്.
മലപ്പുറത്ത് വീണ്ടും മതപരമായ കാരണങ്ങളാല്‍ ചികിത്സ തേടാന്‍ വിസമ്മതിച്ച് ഒരു യുവതി മരിച്ചിരിക്കുന്നു. അല്ല, ജില്ലയുടെ പേരെടുത്ത് പറഞ്ഞത് അവര്‍ മാത്രമങ്ങനെയെന്നതിന്റെ സൂചകമേയല്ല. സ്‌പോട്‌ലൈറ്റില്‍ നില്‍ക്കുന്നതും കാലാകാലങ്ങളായി ഇത്തരം വിഷയങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതുമായ ജില്ലയെന്നൊരു പ്രസക്തി മാത്രമേ ആ പേരിനുള്ളൂ.
വിരോധാഭാസമെന്നോണം കാലം മുന്നോട്ട് പോകുമ്പോള്‍ പിറകോട്ട് നടക്കാനുള്ളൊരു ത്വര ഊരും പേരും പലവിധമുള്ള മലയാളികള്‍ സ്വായത്തമാക്കുന്നുണ്ട് എന്നതൊരു ഞെട്ടിക്കുന്ന വസ്തുതയാണ്. വീട്ടുപ്രസവങ്ങളും വാക്‌സിന്‍വിരുദ്ധതയും ചികിത്സാവിരോധവും ആ പുസ്തകത്തിലെ വിവിധ അധ്യായങ്ങള്‍ മാത്രം.
എന്ത് കൊണ്ടായിരിക്കും ഇത്രയേറെ സങ്കീര്‍ണതകള്‍ ഉണ്ടായിട്ടും ആ സ്ത്രീ ആശുപത്രിയിലെത്താതിരുന്നത്? ഏത് വിശ്വാസമാണ് മനുഷ്യനെ “മരിച്ചാലും മരുന്നരുത്/മറയകലരുത്” എന്ന് പഠിപ്പിക്കുക. ദൈവത്തെയോ വിശ്വാസങ്ങളെയോ എതിര്‍ക്കുന്നില്ല, അതെല്ലാം വ്യക്തിപരമാണ്.
രാവിരുട്ടി വെളുക്കുമ്പോഴേക്ക് ശാസ്ത്രചിന്ത തിളച്ച് വെന്ത് ഓരോ മസ്തിഷ്‌കത്തിലും പാകപ്പെടണമെന്നും ആവശ്യപ്പെടുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ, വിശ്വാസം കൊലപാതകിയാകുമ്പോള്‍ എതിര്‍ക്കാതിരിക്കാനാകില്ല. വിശ്വാസത്തിനും തീവ്രവിശ്വാസത്തിനുമിടക്ക് പിടഞ്ഞു തീരുന്നത് മനുഷ്യനാണ്.
ഇന്‍ഫോക്ലിനിക്ക് മുന്‍പും വീട്ടുപ്രസവങ്ങളുടെ ദൂഷ്യഫലങ്ങളെഴുതിയിട്ടുണ്ട്. എങ്കിലും ഒന്നു കൂടി അവയെ അക്കമിട്ടു നിരത്തുകയാണ്.
ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. ഷിംന അസീസ്, ഡോ. ജിനേഷ് പി.എസ്
എന്റെ ഭാര്യ വീട്ടില്‍ പ്രസവിച്ചോട്ടെ
പ്രസവിക്കുന്നത് ഭാര്യയാണ് , നിങ്ങളല്ല. അതുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ചികില്‍സ നിഷേധിച്ച് ജീവന് ഭീഷണി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അറിവില്ലായ്മ കൊണ്ടോ നിങ്ങളുടെ നിര്‍ബന്ധമോ പേടിയോ കൊണ്ടോ ആ സ്ത്രീ ആത്മഹത്യാപരമായ തീരുമാനത്തിനു മുതിരുമ്പൊഴും അവരുടെ ജീവന്‍ മാത്രമല്ല അപകടപ്പെടുത്തുന്നത്. കുഞ്ഞിന്റെ ജീവനുകൂടിയാണ്. ഏത് ഘട്ടത്തിലും സങ്കീര്‍ണമാകാവുന്ന ഒന്നാണ് പ്രസവം എന്ന പ്രക്രിയ.
പ്രസവത്തിന് മുന്‍പ് സ്‌കാന്‍ ചെയ്യില്ല, ഡോക്ടറെ കാണില്ല, ടി.ടി എടുക്കില്ല, കാരണം അതൊരു രോഗമല്ല
വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും വരുത്താറുള്ള ഒരു തെറ്റുകൂടിയാണിത്. പ്രസവം ഒരു രോഗമല്ല. ആണെന്ന് ഇവിടെ ആരും പറയുന്നുമില്ല. പിന്നെന്തിനാണ് ഡോക്ടറെ കാണുന്നത്? ഒന്നാമത്തെ കാര്യം ഗര്‍ഭകാലവും പ്രസവവും അത്ര നിസാര സംഗതി അല്ല എന്നത് തന്നെ. ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നത് അമ്മയുടെ ശരീരത്തില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.
എവിടെവച്ച് വേണമെങ്കിലും പാളിപ്പോകാവുന്ന ഒരു സിംഫണി..ഒരു ഞാണിന്മേല്‍ക്കളി. പ്രസവത്തിനുമുന്‍പുള്ള സ്‌കാനുകളും ടെസ്റ്റുകളും അതിനു വേണ്ടിയാണ്. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ കിടപ്പ് ഒന്ന് മാറിയാല്‍, മറുപിള്ള ഗര്‍ഭാശയമുഖത്തെ മൂടിയാല്‍, അമ്മയ്ക്ക് രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ടായാല്‍….ഒന്ന് മാറിമറിയാനുള്ളതേയുള്ളൂ “സുഖ പ്രസവം”
അപകടസാദ്ധ്യത അധികം
വീട്ടില്‍ പ്രസവിച്ച കഥ പറയുന്നവര്‍ പറയാതെ പോകുന്ന ഒരു കണക്കുണ്ട്. പണ്ടുതൊട്ട് ഇന്ന് വരെ വീട്ടില്‍ പ്രസവിച്ചോ അല്ലെങ്കില്‍ കൃത്യമായ വൈദ്യസഹായം കിട്ടാതെയോ മരിച്ച് പോയവരുടെ കണക്ക്.. വീട്ടിലെ ജനനങ്ങള്‍ മാത്രം പുറം ലോകം അറിയും.മരണം അറിയില്ല.
നിഷേധിക്കുന്ന കുത്തിവയ്പുകളും നഷ്ടമാകുന്ന കുരുന്നുജീവനുകളും
അമ്മമാര്‍ ഗര്‍ഭകാലത്ത് രണ്ട് ഡോസ് ടെറ്റനസ് ടോക്‌സോയിഡ് എടുക്കാറുണ്ട്. ടി.ടി എടുക്കുന്നത് അമ്മയ്ക്കുവേണ്ടി മാത്രമുള്ളതല്ല. കുഞ്ഞിനും കൂടിയാണ്. നിയോനേറ്റല്‍ ടെറ്റനസ് എന്ന, ഒരുകാലത്ത് നവജാത ശിശുക്കളില്‍ മരണം വിതച്ചുകൊണ്ടിരുന്ന രോഗത്തിനെ തടയുക കൂടിയാണ് ലക്ഷ്യം.
അതുപോലെതന്നെ പ്രധാനമാണ് ക്ലീന്‍ ഡെലിവറി പ്രാക്ടീസുകളും. കൈകളുടെയും പ്രസവം നടക്കുന്ന പ്രതലത്തിന്റെയും വരെ അണുവിമുക്തതയ്ക്കുള്ള പ്രാധാന്യം നമ്മുടെ കുറഞ്ഞ് വരുന്ന നവജാതശിശുമരണനിരക്ക് തന്നെ പറയും.
1. Clean hands അണുവിമുക്തമായ കൈകള്‍,
2 Clean delivery surface വൃത്തിയുള്ള പ്രസവസ്ഥലം,
3 Clean cord care പൊക്കിള്‍ക്കൊടിയുടെ പരിചരണം
4 Clean blade for cutting cord അണുവിമുക്തമായ പൊക്കിള്‍ക്കൊടി മുറിക്കാനുള്ള ഉപകരണം,
5 Clean cord tie and no application on cord stump പൊക്കിള്‍ക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാന്‍ പാടില്ല
അയണും ഫോളിക് ആസിഡും രോഗങ്ങള്‍ ഉണ്ടാക്കും. ഞാന്‍ കഴിക്കില്ല
അടുത്ത തെറ്റ്.. ഫോളിക് ആസിഡ് നാഡീവ്യൂഹത്തിനുണ്ടാകാവുന്ന ഗുരുതരമായ ജനനവൈകല്യങ്ങള്‍ തടയാനുള്ള മാര്‍ഗമാണ്. യഥാര്‍ഥത്തില്‍ ഗര്‍ഭം പ്ലാന്‍ ചെയ്യുമ്പൊഴേ കഴിച്ച് തുടങ്ങേണ്ട ഒന്നാണത്. (പ്രീ കണ്‍സപ്ഷണല്‍). വിളര്‍ച്ച ഇല്ലാത്തവര്‍ക്ക് പോലും ഗര്‍ഭാവസ്ഥയില്‍ രക്തത്തിന്റെ അളവ് കൂടുന്നതുകൊണ്ടും വര്‍ദ്ധിച്ച ആവശ്യം മൂലവും അയണിന്റെ കുറവും അതുമൂലം വിളര്‍ച്ചയും കുഞ്ഞിന് വളര്‍ച്ചക്കുറവും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് അയണും അത്യാവശ്യഘടകം മാത്രം.
അടിയന്തിര സന്ദര്‍ഭങ്ങള്‍
മുന്‍ കൂട്ടി അപകടസാദ്ധ്യത മനസിലാക്കാനാകില്ലെന്ന് മാത്രമല്ല പ്രശ്‌നം. അപകടമുണ്ടായാല്‍ ആശുപത്രിയിലേക്കുള്ള ട്രാന്‍സ്ഫറും പ്രശ്‌നമാണ്. ഇതിലെവിടെയും പിഴക്കാവുന്ന ഒരു ഞാണിന്‍മേല്‍ക്കളിയിലേക്ക് ഒരമ്മയെ പിടിച്ചു കൊടുക്കാന്‍ എന്തിന്റെ പേരിലായാലും വിട്ടു കൊടുക്കുന്നത് ശരിയല്ലെന്ന് നിസ്സംശയം പറയാം.
കേട്ടിട്ടിട്ടില്ലേ എന്റെ ഉമ്മൂമ്മ പത്ത് പ്രസവിച്ചു എന്നിട്ടും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്ന കഥ ? എന്നാല്‍ രണ്ട് കുഞ്ഞുങ്ങള്‍ പ്രസവത്തില്‍ മരിച്ചു, ഒന്ന് ഒന്‍പതാം മാസം വയറിളക്കം വന്ന് മരിച്ചു, പിന്നെ അഞ്ചാമത്തെ കുട്ടിക്ക് ചെറിയൊരു ബുദ്ധിക്കുറിവുണ്ട്. എന്നാലെന്താ, ആറ് മക്കളുണ്ടല്ലോ !
ഇതായിരുന്നു ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു നൂറ്റാണ്ട് മുന്‍പ് നിലനിന്നിരുന്ന അവസ്ഥ.
മാതൃമരണ നിരക്കുകള്‍ വരുതിയിലായത് തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സൗകര്യങ്ങളുടെയും വളര്‍ച്ചയിലൂടെയാണ്.
മറ്റേണല്‍ മോര്‍ട്ടാലിറ്റി റേറ്റ് അതായത് ഒരു ലക്ഷം പ്രസവങ്ങളില്‍ എത്ര അമ്മമാര്‍ മരിച്ചു എന്നതാണ് കണക്ക്. കേരളത്തിന്റെ റേറ്റ് 61, ഇന്ത്യയുടെ ആകെ 167, ഗുജറാത്ത് 112, ഉത്തര്‍പ്രദേശ് 285, തമിഴ്‌നാട് 79, മഹാരാഷ്ട്ര 68.
ഇനി ഇതേ സംസ്ഥാനങ്ങളിലെ ആശുപത്രിയിലെ പ്രസവ നിരക്കും കൂടി പരിശോധിക്കാം. കേരളം 99.8 %, ഇന്ത്യ 78.5 %, ഗുജറാത്ത് 91.8 %, ഉത്തര്‍പ്രദേശ് 57.9 %, തമിഴ്‌നാട് 99.8 %, മഹാരാഷ്ട്ര 90.7%. ലളിതമായി പറഞ്ഞാല്‍ വീട്ടില്‍ പ്രസവം കുറയുന്ന സ്ഥലങ്ങളില്‍ മാതൃമരണ നിരക്ക് കുറയുന്നു.
നവജാത ശിശുക്കളുടെ മരണ നിരക്കും ഈ ആശുപത്രി പ്രസവുമായും ഇതേ ബന്ധമാണ്. അവയും എത്ര എന്നുനോക്കാം. ആയിരം ശിശുജനനങ്ങളില്‍ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നതാണ് നിയോനേറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ്. കേരളത്തിന്റെ Rural – 7 & Urban 3, ഇന്ത്യയുടെ ആകെ Rural – 31 & Urban 15, ഗുജറാത്ത് Rural – 31 & Urban 16, ഉത്തര്‍പ്രദേശ് Rural 38 & Urban 20, തമിഴ്‌നാട് Rural – 18 & Urban 11, മഹാരാഷ്ട്ര Rural – 21 & Urban 11.
ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മൂലമാണ് ഇന്ത്യയിലെ പൊതുവായ അവസ്ഥയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യക്തമായ മേല്‍ക്കോയ്മ നമുക്ക് ലഭിക്കുന്നത്. എന്നാല്‍ പൗരാണികതയുടെ പേരും പറഞ്ഞ്; അബദ്ധ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നാല്‍ നാം മാതൃമരണങ്ങളുടെ പഴയ ഇരുണ്ട നൂറ്റാണ്ടിലേക്ക് തന്നെ തിരികെ പോകും. അല്ലെങ്കില്‍ ഇന്ന് നമുക്കുള്ള ഈ മികവ് നഷ്ടപ്പെടും.
നമ്മള്‍ മറ്റ് സംഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും. മലപ്പുറത്ത് രക്ഷിക്കാമായിരുന്ന ഒരമ്മയുടെ ജീവന്‍ കുരുതികൊടുത്ത ഈ ഓഗസ്റ്റില്‍ തന്നെ നമ്മള്‍ കേള്‍ക്കുന്ന മറ്റൊരു വാര്‍ത്തകൂടിയുണ്ട്. ഗര്‍ഭപാത്രത്തില്‍ 22 ആഴ്ച മാത്രം പ്രായമായ ഇരട്ടക്കുട്ടികള്‍ പ്രസവ ശേഷം വെന്റിലേറ്ററില്‍ കിടക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡ് കൂടിയാണ്.
ഒരിടത്ത് പ്രതീക്ഷയുടെ നറുതിരിവെട്ടം പൊഴിയുമ്പോള്‍ മറുവശം തമോഗര്‍ത്തത്തിലേക്ക് വീഴുന്നതില്‍ ആനന്ദം കണ്ടെത്തി കൊണ്ടേയിരിക്കുന്നു…ഒരു നാള്‍ അവരും ആരോഗ്യ മുന്നേറ്റങ്ങളില്‍ പങ്കാളികളാകുന്നതില്‍ ഊറ്റം കൊള്ളും…ഉറപ്പ്.
മൂന്നു മാസം ജീവന്‍ തിരിച്ചു കിട്ടാന്‍ കാത്തു വെച്ച മൃതശരീരവും അഞ്ച് നേരത്തെ ബാങ്ക് കഴിഞ്ഞ് മാത്രം തൊണ്ട നനയാന്‍ വിധിക്കപ്പെട്ട ചോരക്കുഞ്ഞുമെല്ലാം വെറും പഴങ്കഥകള്‍ മാത്രമാകും…മാധ്യമങ്ങളറിഞ്ഞ കഥകള്‍ ഒരിടത്ത് മാത്രം ചുറ്റിപ്പറ്റിയുള്ളതാകാം..അറിയാതെ പോകുന്നതേറെയുണ്ടാകും. മാറ്റങ്ങളുണ്ടാകും. ഉണ്ടാകണം.
കാലം മുന്നോട്ടാണ്..നമ്മളും മുന്നോട്ട് തന്നെ.
കടപ്പാട്: ഇന്‍ഫോ ക്ലിനിക്