| Sunday, 11th October 2020, 2:11 pm

യു.പിയില്‍ ബലാത്സംഗകേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത വനിതാ നേതാവിന് ക്രൂരമര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് താരാ യാദവിനാണ് മര്‍ദ്ദനമേറ്റത്.

ഡിയോറിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ ബലാത്സംഗ കേസിലെ പ്രതിയാണെന്ന് താര പറഞ്ഞിരുന്നു. ഇയാളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും യോഗത്തില്‍ താര പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെ എതിര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ താരയെ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

‘ബലാത്സംഗ കേസിലെ പ്രതിയായ മുകുന്ദ് ഭാസ്‌കറിന് ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് ഞാന്‍ ചോദ്യം ചെയ്തു. അതിന് എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍  എന്നെ കയ്യേറ്റം ചെയ്തു. ഇക്കാര്യത്തില്‍ പ്രിയങ്കാ ഗാന്ധി എന്ത് നടപടിയെടുക്കും എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്’- താര പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ധര്‍മേന്ദ്ര സിംഗ്, വൈസ് പ്രസിഡന്റ് അജയ് സിംഗ് എന്നിവരെ കൂടാതെ മറ്റ് രണ്ടു പേര്‍ക്കെതിരെയും താര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ വ്യക്തിപരമായി അപമാനിക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Woman Assaulted For Questioning Rapists Fielding To By election

We use cookies to give you the best possible experience. Learn more