| Monday, 18th June 2018, 11:51 pm

'ഹിന്ദു' ഉദ്യോഗസ്ഥന്റെ സേവനമാവശ്യപ്പെട്ട യുവതിയുടെ ആവശ്യമംഗീകരിച്ചു: എയര്‍ടെല്‍ ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുവായ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ സേവനം വേണമെന്നു ശഠിച്ച ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ച എയര്‍ടെല്‍ ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധം. മാനേജ്‌മെന്റ് പ്രൊഫഷനലായ പൂജ സിംഗാണ് ഭാരതി എയര്‍ടെലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സേവനമാവശ്യപ്പെട്ടുകൊണ്ട് സന്ദേശമയച്ചത്.

എയര്‍ടെല്‍ ഡി.ടി.എച്ചിന്റെ ഉപഭോക്താവായ പൂജ സര്‍വീസ് എഞ്ചിനീയറുടെ മോശമായ പെരുമാറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ട്വിറ്ററില്‍ കുറിപ്പിട്ടത്. ഇതിനെത്തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പരിശോധിക്കാമെന്നു കാണിച്ച് എയര്‍ടെലിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നും ശുഐബ് എന്ന കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ മറുപടിക്കുറിപ്പിടുകയും, പൂജ പ്രകോപനപരമായി പ്രതികരിക്കുകയുമായിരുന്നു.

“പ്രിയപ്പെട്ട ശുഐബ്, താങ്കള്‍ മുസ്‌ലിം ആണ്, താങ്കളുടെ ധാര്‍മികതയില്‍ എനിക്കു വിശ്വാസമില്ല. എന്റെ പരാതി കൈകാര്യം ചെയ്യാന്‍ ഒരു ഹിന്ദു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനപേക്ഷിക്കുന്നു.” എന്നായിരുന്നു പൂജയുടെ മറുപടി. ഈ ആവശ്യം അംഗീകരിച്ച് എയര്‍ടെല്‍ ഇന്ത്യ ഗഗന്‍ജോത് എന്ന ഉദ്യോഗസ്ഥനെ പൂജയുമായി സംസാരിക്കാന്‍ നിയോഗിക്കുകയായിരുന്നു.


Also Read:കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി


എയര്‍ടെലിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ ധാരാളം പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇസ്ലാമോഫോബിയക്കു മുന്നില്‍ വഴങ്ങിക്കൊടുക്കുന്ന കമ്പനിയുടെ സേവനങ്ങള്‍ ഇനി ഉപയോഗിക്കില്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയവരില്‍ മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമുണ്ട്.

“ഇത്രയും പ്രകടമായ മതഭ്രാന്തിനോട് സഹിഷ്ണുത കാണിക്കുന്ന എയര്‍ടെലിന്റെ സേവനങ്ങള്‍ക്കായി ഇനി ഒറ്റപ്പൈസ പോലും ചെലവാക്കില്ല. എന്റെ ഡി.ടി.എസ്-ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ റദ്ദാക്കുകയും മൊബൈല്‍ നമ്പര്‍ മറ്റേതെങ്കിലും ദാതാക്കളിലേക്ക് പോര്‍ട്ടു ചെയ്യുകയും ചെയ്യും.” കമ്പനിക്കെതിരെ ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ ആഞ്ഞടിച്ചു.

ട്വിറ്റര്‍ ആക്രമണം കടുത്തതോടെ, വൈകിയാണെങ്കിലും വിശദീകരണവുമായി എയര്‍ടെല്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ ഉപഭോക്താക്കളെയോ തൊഴിലാളികളെയോ ബിസിനസ് പങ്കാളികളെയോ ജാതി-മത ഭേദം വച്ചു കാണാറില്ല. ശുഐബും ഗഗന്‍ജോതും തങ്ങളുടെ പ്രശ്‌നപരിഹാര സംഘത്തിലെ അംഗങ്ങളാണെന്നും ഏറ്റവുമാദ്യം ലഭ്യമാകുന്ന ഉദ്യോഗസ്ഥനാണ് നിങ്ങള്‍ക്കു മറുപടി നല്‍കുന്നതെന്നുമാണ് പൂജയ്ക്കു പിന്നീടു നല്‍കിയ വിശദമായ മറുപടിയില്‍ എയര്‍ടെല്‍ റെസ്‌പോണ്‍സ് ടീം ലീഡര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more