|

തന്റെ പരാതി മുസ്‌ലീങ്ങള്‍ നോക്കേണ്ടെന്ന് എയര്‍ടെല്‍ ഉപഭോക്താവ്; പോസിറ്റീവായി പ്രതികരിച്ച കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു സര്‍വ്വീസ് എക്‌സിക്യുട്ടീവ് വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം അംഗീകരിക്കുന്ന തരത്തില്‍ പെരുമാറിയ ഭാരതി എയര്‍ടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇനി എയര്‍ടെല്ലില്‍ തുടരില്ലെന്നു പറഞ്ഞുകൊണ്ടാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തുവന്നിരിക്കുന്നത്.

പൂജ സിങ്ങിന്റെ ഉപഭോക്താവിന്റെ പരാതിയോട് എയര്‍ടെല്‍ പോസിറ്റീവായി പ്രതികരിച്ചതാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചത്. ഉപഭോക്താക്കളുടെ പരാതി കൈകാര്യം ചെയ്യാന്‍ ഹിന്ദു ജീവനക്കാര്‍ മതിയെന്ന ആവശ്യമായിരുന്നു പൂജ സിങ് ട്വിറ്ററിലൂടെ ഉയര്‍ത്തിയത്.

” പ്രിയ സുഹൈബ്, നിങ്ങള്‍ മുസ്‌ലീമായതിനാല്‍ എനിക്ക് നിങ്ങളുടെ ജോലിയില്‍ വിശ്വാസമില്ല. കാരണം കസ്റ്റമര്‍ സര്‍വ്വീസിന് ഖുര്‍ആനില്‍ വ്യത്യസ്തമായൊരു വേര്‍ഷനാണുള്ളത്. അതിനാല്‍ എന്റെ പരാതികള്‍ക്കായി ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നന്ദി.” എന്നായിരുന്നു പൂജ സിങ്ങിന്റെ ട്വീറ്റ്.


Also Read:സൗദി ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടിത്തം; അടിയന്തരമായി നിലത്തിറക്കി


“ഹായ് പൂജ, നമുക്ക് സംസാരിക്കാന്‍ സൗകര്യപ്രദമായ സമയം ഏതാണെന്ന് പറയാമോ?. കൂടാതെ മറ്റൊരു നമ്പറും ഷെയര്‍ ചെയ്യൂ, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. നന്ദി” എന്നായിരുന്നു ഇതിന് മറുപടിയായി എയര്‍ടെല്‍ ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് എയര്‍ടെല്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നത്.

ഇതോടെ തിങ്കളാഴ്ച വിശദീകരണവുമായി എയര്‍ടെല്‍ രംഗത്തുവന്നിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കമ്പനി ആരോടും വിവേചനം കാണിക്കാറില്ലയെന്നായിരുന്നു എയര്‍ടെല്ലിന്റെ വിശദീകരണം.

“പൂജ, ഉപഭോക്താക്കളെയും തൊഴിലാളികളെയും, പാട്‌നര്‍മാരെയും ഞങ്ങള്‍ വിവേചനത്തോടെ കാണാറില്ല.” എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.