വനിത,ജൂനിയര്‍ മാധ്യമപ്രവര്‍ത്തകരെ തൊഴില്‍പരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മീഡിയവണ്‍ ചാനലിനെതിരെ ജീവനക്കാരുടെ പരാതി
Labour Exploitation
വനിത,ജൂനിയര്‍ മാധ്യമപ്രവര്‍ത്തകരെ തൊഴില്‍പരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മീഡിയവണ്‍ ചാനലിനെതിരെ ജീവനക്കാരുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th December 2017, 5:07 pm

കോഴിക്കോട്: പരസ്യമായുള്ള വ്യക്തിഹത്യയും തൊഴില്‍ വിവേചനവുമടക്കം മീഡിയവണ്‍ വാര്‍ത്താ ചാനലിനെതിരെ തൊഴില്‍ പീഡന പരാതിയുമായി സ്ഥാപനത്തിലെ ജീവനക്കാര്‍. ചാനലിലെ ജൂനിയര്‍, വനിതാ ജീവനക്കാരില്‍ ചിലരെ സീനിയര്‍ പ്രവര്‍ത്തകരില്‍ ചിലര്‍ മാനസികമായും ജോലി സംബന്ധമായും നിരന്തരം പീഡിപ്പിക്കുന്നുവെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മീഡിയവണ്ണിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സീനിയര്‍ ന്യൂസ് എഡിറ്റര്‍ , ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് മാധ്യമപ്രവര്‍ത്തകര്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരിക്കുന്നത്.

ജീവനക്കാരുടെ പ്രതിഷേധം നടക്കുന്നതിനിടയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മീഡിയവണ്ണിലെ ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സോഫിയ ബിന്ദിനെ അന്യായമായി സഥലം മാറ്റിയതും സ്ഥാപനത്തിലെ പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കാനുള്ള മാനേജ്മെന്റിന്റെ നിര്‍ബന്ധ ബുദ്ധിയായിരുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 16 വര്‍ഷമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോഫിയ സ്ഥാപനത്തിലെ ജീവനക്കാരുടെ സമരങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു.

തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ മാനേജ്മെന്റ് ഇത്തരത്തില്‍ നിരന്തരം സ്ഥലം മാറ്റത്തിന് വിധേയമാക്കുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. മാനസിക പീഡനം സഹിക്കാനാവാതെ ഒരു വര്‍ഷത്തിനിടെ 6 വനിതാ മാധ്യമപ്രവര്‍ത്തകരാണ് ചാനലില്‍ നിന്നും രാജിവെച്ചതെന്നും ഇവര്‍ പറയുന്നു. വാര്‍ത്താ വായനയ്ക്കിടയില്‍ ഹാന്റ് ബ്രേക്കര്‍ അറിയാതെ താഴെ വീണതിന് ജൂനിയര്‍ മാധ്യമ പ്രവര്‍ത്തകയില്‍ നിന്നും രാജീവ് ശങ്കര്‍ കനത്ത പിഴ ഈടാക്കിയതായും പറയുന്നു. മാത്രമല്ല ഡ്യൂട്ടി ടൈം നല്‍കുമ്പോള്‍ വിവാഹിതരായ വനിതാ പ്രവര്‍ത്തകരെ മനപ്പൂര്‍വ്വം ബൂദ്ധിമുട്ടിലാക്കാറുണ്ടെന്നും പറയുന്നു.

കൂടാതെ എച്ച്.ആര്‍ മാനേജര്‍ ജീവനക്കാരെ പകപോക്കലിന് വിധേയമാക്കാറുണ്ടെന്നും പറയുന്നു. ചില മാധ്യമപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങളും പി.എഫ് പോലുള്ളവയും മനപ്പൂര്‍വ്വം തടഞ്ഞുവെക്കുന്നതായും പരാതിയില്‍ പറയുന്നു.

ചാനലിന്റെ തുടക്കം മുതല്‍ തന്നെ വാര്‍ത്താ അവതാരകയായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ യാതൊരു കാരണവുമില്ലാതെ വാര്‍ത്താ വായനയില്‍ നിന്നൊഴിവാക്കിയതായും പരാതിയുണ്ട്. ഇവരുടെ ഭര്‍ത്താവും ഇതേ ചാനലില്‍ മാധ്യമപ്രവര്‍ത്തകനാണ്. ഇരുവരും ഒരുമിച്ച് ലീവെടുക്കുന്നത് തടഞ്ഞും നിരന്തരം മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചും പക്ഷഭേദത്തോടെ പെരുമാറിയും പരസ്യമായി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നതായും ആരോപിക്കുന്നു.

സ്ഥാപനത്തിലെ ഈ സംഭവവികാസങ്ങള്‍ക്കെതിരെ ചാനലിന്റെ മുന്‍ എം.ഡിയടക്കം ശക്തമായ വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കി ഒരാഴ്ചയിലധികമായിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.