'മെട്രോ തൂണ്‍ വീണത് നിരവധി യാത്രക്കാര്‍ കടന്നുപോകുമ്പോള്‍'; ബെംഗളൂരുവില്‍ അമ്മയും മകനും മരിച്ച സംഭവത്തിലുണ്ടായത് ഗുരുതര വീഴ്ച
national news
'മെട്രോ തൂണ്‍ വീണത് നിരവധി യാത്രക്കാര്‍ കടന്നുപോകുമ്പോള്‍'; ബെംഗളൂരുവില്‍ അമ്മയും മകനും മരിച്ച സംഭവത്തിലുണ്ടായത് ഗുരുതര വീഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 6:26 pm

ബെംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് ബെംഗളൂരുവില്‍ യുവതിയും മകനും മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടയത് ഗുരുതര വീഴ്ച.

ബി.ജെ.പി എം.പി നളീന്‍ കട്ടീലിന്റെ മണ്ഡലത്തിലാണ് സംഭവം നടന്നത്. നിര്‍മാണത്തിലിരുന്ന തൂണ്‍ തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് നിരവിധി യാത്രക്കാരും കാല്‍ നടക്കാരും കടന്നുപോകുമ്പോഴാണ് പില്ലര്‍ വീണത്.

അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവത്തിലുണ്ടായതെന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആളുകള്‍ പ്രതികരിക്കുന്നത്.

റോഡ്, മലിനജലം, മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ എന്നിവ ശ്രദ്ധിക്കാതെ ‘ലവ് ജിഹാദി’ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്.

25 വയസുള്ള തേജസ്വനിയും മകന്‍ വിഹാനുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ തേജസ്വനിയുടെ ഭര്‍ത്താവ് ലോഹിത്തും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച ആണ്‍കുട്ടിയും ചികിത്സയിലുള്ള പെണ്‍കുട്ടിയും ഇരട്ടക്കുട്ടികളാണ്. തേജസ്വിയും ഭര്‍ത്താവും മക്കളും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുമ്പ് തൂണ്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്.ആര്‍.ബി.ആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേയുടെ തൂണാണ് തകര്‍ന്നത്.