| Wednesday, 24th April 2019, 12:42 pm

ചാവേറാക്രമണം നടത്തിയ ഒമ്പതുപേരുടെ കൂട്ടത്തില്‍ സ്ത്രീയുമുണ്ടായിരുന്നെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഒമ്പത് ചാവേറുകളില്‍ ഒന്ന് സ്ത്രീയായിരുന്നെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹന്ത്രി റുവാന്‍ വിജേവാര്‍ഡന്‍. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച ഹോട്ടലിലും ക്രിസ്ത്യന്‍ പള്ളിയിലുമായി നടന്ന സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. തെക്കേ ഏഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനമാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ചൊവ്വാഴ്ച ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.

അക്രമികളില്‍ ഒരാള്‍ യു.കെയിലും ഓസ്‌ട്രേലിയയിലും പഠിച്ചയാളാണ്. അതിനും ഇസ്‌ലാമിക് സ്റ്റേറ്റ് ഫണ്ട് നല്‍കിയിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

‘അക്രമികളില്‍ ഒരാള്‍ യു.കെയിലാണ് പഠിച്ചത്. തിരിച്ചുവന്ന് ശ്രീലങ്കയില്‍ സ്ഥിരതാമസമാക്കുന്നതിനു മുമ്പ് ഓസ്‌ട്രേലിയയില്‍ ബിരുദാനന്തര ബിരുദം ചെയ്തു.’ എന്നാണ് പ്രതിരോധ സഹമന്ത്രി പറഞ്ഞത്.

ചാവേറുകളില്‍ പലര്‍ക്കും അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. പലരും വിദേശത്ത് ജീവിച്ചവരോ പഠിച്ചവരോ ആണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ചാവേറുകളുടെ സംഘം ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അപ്പര്‍-മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക പിന്‍ബലമുള്ളവരാണ്.’ അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 58 ആയി. സംശയിക്കുന്നവരില്‍ നിരവധി പേര്‍ സ്‌ഫോടക വസ്തുക്കളുമായി പുറത്തുണ്ടെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.

ഭീകരരില്‍ രണ്ടു പേര്‍ ശ്രീലങ്കയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മക്കളായ ഇസ്മത്ത് അഹ്മദ് ഇബ്രാഹീം(33), ഇല്‍ഹം അഹമ്മദ് ഇബ്രാഹീം (31) എന്നിവരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്.

We use cookies to give you the best possible experience. Learn more