ന്യൂദല്‍ഹി: എയര്‍ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുമായി യാത്രക്കാരി. നവംബര്‍ മൂന്നിന് എയര്‍ ഏഷ്യയുടെ ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് യുവതിയുടെ പരാതി.
വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് യുവതി പരാതിപ്പെട്ടതോടെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ അസഭ്യം പറയുകയും ശരീരത്തില്‍ തൊടുകയും ചെയ്‌തെന്നും എഫ്.ഐ.ആആറില്‍ പറയുന്നു.
“വാഷ്‌റൂമിന് അരികില്‍ ആരുമില്ലായിരുന്നു. അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു.” എന്നും യുവതി പറയുന്നു.
തനിക്ക് കോഫി നല്‍കുന്നതിനിടെ ജീവനക്കാര്‍ ചീത്തവിളിച്ചെന്നും രോഷത്തോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കാന്‍ പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.
അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ ഏഴിനാണ് യുവതി ബംഗളുരു പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് പരാതി.
അതേസമയം, യുവതിയാണ് ജീവനക്കാരോട് മോശമായി പെരുമാറിയതെന്നാണ് എയര്‍ഏഷ്യയുടെ വാദം. യുവതി ഫോണില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരോട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരി ജീവനക്കാരെ ചീത്തവിളിച്ചെന്നാണ് എയര്‍ഏഷ്യയുടെ വാദം.