'ഞങ്ങളെ വെട്ടിക്കൊല്ലുമെന്നാണ് ഭീഷണി' ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുവായ എന്‍.സി.പി നേതാവ് ഭീഷണിപ്പെടുത്തുന്നെന്ന് യുവതി
Vigilantism
'ഞങ്ങളെ വെട്ടിക്കൊല്ലുമെന്നാണ് ഭീഷണി' ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുവായ എന്‍.സി.പി നേതാവ് ഭീഷണിപ്പെടുത്തുന്നെന്ന് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th September 2018, 11:16 am

 

പാലക്കാട്: ഇതരമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുവായ എന്‍.സി.പി നേതാവ് ഭീഷണിപ്പെടുത്തുന്നെന്ന് ഫേസ്ബുക്കിലൂടെ യുവതിയുടെ ആരോപണം. പാലക്കാട് സ്വദേശിയായ ഷര്‍ഫീനയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

താന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഷേക് എന്ന യുവാവിനെ വിവാഹം ചെയ്‌തെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ബന്ധുവും എന്‍.സി.പിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ബഷീര്‍ ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

“സ്വന്തം ഇഷ്ടപ്രകാരമാണ് അഭിഷേകിനൊപ്പം ഇറങ്ങി വന്നിരിക്കുന്നത്. പക്ഷേ വീട്ടില്‍ അങ്ങനെയൊന്നുമല്ല പറഞ്ഞുനടക്കുന്നത്. എന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമായിട്ടും എന്റെ മൂത്താപ്പ, ആള് ജില്ലാ സെക്രട്ടറിയാണ്. എന്‍.സി.പിയുടെ. മുത്താപ്പയുടെ പേര് ബഷീര്‍ എന്നാണ്. എല്ലാവരുടേയും അടുത്ത് പറഞ്ഞിരിക്കുന്നത് ഞങ്ങളെ വെട്ടിക്കൊല്ലുമെന്നൊക്കെയാണ്.” എന്നാണ് പെണ്‍കുട്ടി പറയുന്നത്.

Also Read:അധിക്ഷേപകരമായ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍

തങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തും തന്റെ വീട്ടുകാര്‍ക്കാണെന്നും ഷര്‍ഫീന പറയുന്നു.

ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് അഭിഷേകും പറയുന്നു. “എവിടെവെച്ചു കണ്ടാലും ഞങ്ങളെ തീര്‍ത്തു കളയുമെന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നത്.” അഭിഷേക് പറയുന്നു.

അതേസമയം, ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോയ്ക്കു കീഴില്‍ മതമൗലികവാദികള്‍ ആക്രമണവുമായി രംഗത്തുവന്നിട്ടുണ്ട്.

“ഇതിലും നല്ലത് നിന്നെ ഒക്കെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് കുറച്ച് പൊട്ടാസ്യം സയനൈഡ് കൊടുത്തു കഥ കഴിച്ചാല്‍ നിങ്ങള്‍ക്ക് സുഖമായി ജീവിക്കമായിരുന്നു… പരട്ടകള്‍ നിന്നെയൊക്കെ ഉണ്ടാക്കിയത് തെറ്റിപ്പോയി” എന്നാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം.

“നേരെ നീന്ന് മുത്രം ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ വിട്ടുകരുടെ മുഖത്ത് കരിവാരി തേക്കുന്ന ജന്മാങ്ങള്‍ നീ ഒന്നും ഒരു കലത്തും ഗുണം പിടിക്കില്ല ഫൂ” എന്നാണ് മറ്റൊരു പ്രതികരണം.