| Wednesday, 26th July 2017, 8:30 am

പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസോള്‍: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാരാല്‍ ബലാത്സംഗത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനങ്ങള്‍. ബലാത്സംഗത്തെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബി.എസ്.എഫ് ജവാന്മാര്‍ ആസിഡില്‍ മുക്കിയ തുണി മുഖത്ത് ഉരച്ചെന്നാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്.

ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ പെണ്‍കുട്ടിയുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുകയാണ്.

ജൂലൈ 16നാണ് സില്‍സുറി ഗ്രാമത്തിലെ ആദിവാസി പെണ്‍കുട്ടിയെ സില്‍സുറി ബി.ഒ.പിയിലെ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയും കൂട്ടുകാരിയും കൂടി കാട്ടില്‍ മുള ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു ബി.എസ്.എഫ് ജവാന്മാരുടെ ആക്രമണം.

“എന്റെ സഹോദരിയും കൂട്ടുകാരിയും മുള ശേഖരിക്കാന്‍ വേണ്ടി കാട്ടിലേക്കു പോയതായിരുന്നു. വഴിയില്‍ ബി.ഒ.പിയില്‍ നിന്നും ഏതാനും അകലെയായി രണ്ടു ജവാന്മാരെ കണ്ടു. ജവാന്മാര്‍ കൂട്ടുകാരിയോട് എന്തോ പറഞ്ഞു. ഹിന്ദിയിലായതിനാല്‍ എന്റെ സഹോദരിക്ക് അത് മനസിലായില്ല. അവര്‍ കാട്ടിനുള്ളിലേക്കു കടന്നപ്പോള്‍ കൂട്ടുകാരി മലവിസര്‍ജനം നടത്തണമെന്നു പറഞ്ഞു. അങ്ങനെ അവര്‍ കുറച്ചുകൂടി മുന്നോട്ടുപോയി. അവിടെ ആ ജവാന്മാരെ വീണ്ടും കണ്ടു. അവര്‍ എന്റെ സഹോദരിയുടെ വസ്ത്രമുരിയുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അവള്‍ എതിര്‍ത്തപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു.” സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.


Must Read: ലാല്‍ ജൂനിയറിനെതിരെ എന്തിന് പരാതി നല്‍കി? നടി മേഘ്‌ന നായര്‍ വിശദീകരിക്കുന്നു


ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തിരികെ ഗ്രാമത്തില്‍ എത്തുകയും താന്‍ നേരിട്ട പീഡനങ്ങള്‍ ഗ്രാമവാസികളോട് വിവരിക്കുകയുമായിരുന്നു. ജൂലൈ 17ന് പ്രദേശവാസികള്‍ സില്‍സുറി ബി.പി.ഒയ്ക്കു മുമ്പില്‍ പ്രതിഷേധിക്കുകയും ബി.എസ്.എഫ് ജവാന്മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് പടിഞ്ഞാറന്‍ ഫൈലങ്ങിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 22നാണ് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ മൃതദേഹം ലഭിച്ചത്. ഇവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇവര്‍ ഇരയായിരുന്നു. ബലാത്സംഗത്തിന്റെ ഏക ദൃക്‌സാക്ഷിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകവുമായും ബലാത്സംഗവുമായും ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കുറ്റവാളികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

Latest Stories

We use cookies to give you the best possible experience. Learn more