| Tuesday, 16th February 2021, 11:24 am

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെതിരെ ഗുരുതര ആരോപണവുമായി യുവതി ; ബലാത്സംഗക്കേസ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെതിരെ ഗുരുതര ആരോപണവുമായി യുവതി. തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ രാഹുല്‍ ചിറയ്ക്കല്‍ എന്ന സഹസംവിധായകനെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംരക്ഷിക്കുകയാണെന്നും പണവും സ്വാധീനവും ഉപയോഗിച്ച് രാഹുലിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പല തവണ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്ളാറ്റില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചെന്നും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹപ്രവര്‍ത്തകയും തിരക്കഥാകൃത്തുമായ ഷബ്ന മുഹമ്മദ് താന്‍ പരാതി നല്‍കിയതിന് ശേഷം പല തവണ ബന്ധപ്പെട്ടെന്നും യുവതി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

തന്നെ വൈകാരികമായി സ്വാധീനിക്കാനും മൊഴി മാറ്റാനും ഇവര്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങില്ലെന്നായപ്പോള്‍ ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു.

പ്രതിയ്ക്ക് ഒളിവില്‍ പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. കേസിന്റെ തുടക്കം മുതല്‍ പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സ്വാധീനമാണെന്നും യുവതി പറയുന്നു.

കേസില്‍ രഹസ്യമൊഴി നല്‍കിയ ആളുടെ പേര് പൊലീസ് മാര്‍ട്ടിന്‍ പ്രക്കാട്ടിനോട് പറഞ്ഞെന്നും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് പ്രതിയ്ക്ക് വേണ്ടി വിളിച്ചെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയെന്നും യുവതി പ്രതികരിച്ചു.

ബലാത്സംഗക്കേസ് പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നും പ്രതിയായ സഹസംവിധായകനെ സംരക്ഷിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണെന്നും ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് രാഹുലിനെതിരെ യുവതി എളമരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇരയായ തന്നെ സഹായിക്കുന്ന നിലപാടല്ല പൊലീസ് തുടക്കം മുതല്‍ സ്വീകരിച്ചതെന്നും പ്രതിക്ക് ഒളിവില്‍ പോകാനുള്ള സമയം നല്‍കുകയാണ് പൊലീസ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

ജില്ലാ കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളിയെങ്കിലും അതിന് ശേഷം കൊവിഡ് സാഹചര്യമായതിനാല്‍ കേസിന്റെ മെറിറ്റ് പരിഗണിക്കാതെ ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നെന്നും യുവതി പറഞ്ഞു.

താന്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മലബാര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയും സമാനരീതിയില്‍ തന്നെ രാഹുല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസുകാരടക്കം മൂന്ന് പേര്‍ക്ക് മാത്രമറിയാവുന്ന ഈ കാാര്യം തൊട്ടടുത്ത ദിവസം തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് അറിഞ്ഞെന്നും രഹസ്യമൊഴി എങ്ങനെയാണ് പ്രതിയുടെ ആളുകള്‍ അറിഞ്ഞതെന്നും യുവതി ചോദിക്കുന്നു.

എഫ്.ഐ.ആറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പേര് എഴുതാന്‍ പൊലീസ് മടി കാണിച്ചെന്ന ഗുരുതര ആരോപണവും യുവതി ഉന്നയിക്കുന്നുണ്ട്.

2012 മുതല്‍ രാഹുലിനെ പരിചയമുണ്ടെന്നും തനിക്ക് വയ്യാതിരുന്ന സമയത്താണ് കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ അയാള്‍ ഇഷ്ടം പറഞ്ഞതെന്നും ആ അവസ്ഥയിലായിരുന്ന താന്‍ അത് വിശ്വസിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

2016ല്‍ ഷാര്‍ജയില്‍ വെച്ച് ഒരു അപകടം നടന്ന് രണ്ട് കാലുകള്‍ക്കും ഇടുപ്പെല്ലുകള്‍ക്കും സാരമായ പരുക്കുപറ്റിയിരുന്നു. വീല്‍ ചെയറിലാണ് തിരിച്ചുപോന്നത്. കുറേ നാള്‍ കിടപ്പിലായിരുന്നു. രണ്ട് വര്‍ഷത്തോളം തിരുവല്ലയിലെ ആശുപത്രിയിലാണ് ചികിത്സിച്ചത്.

2018ല്‍ എളമക്കരയിലെ ഒരു അപ്പാര്‍ട്മെന്റില്‍ വെച്ചാണ് രാഹുല്‍ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും യുവതി പറഞ്ഞു. ‘ഏപ്രില്‍ 29ന് മാര്‍ട്ടിനോട് സംസാരിക്കാന്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍വന്നത്. ആ സമയത്ത് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഒട്ടും പറ്റാതെ മുടന്തിയാണ് നടന്നുകൊണ്ടിരുന്നത്. ശാരീരികമായി അത്ര മോശം അവസ്ഥയായിരുന്നു. രാഹുല്‍ വന്ന് എന്നെ ശാരീരികമായി ഉപദ്രവിക്കുകയാണുണ്ടായത്. അതിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് വാക്ക് തന്നത്. പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു’, യുവതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: woman allegations against director Martin Prakkat

We use cookies to give you the best possible experience. Learn more