| Friday, 14th January 2022, 8:08 am

മന്ത്രവാദം നടത്തിയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ തീകൊളുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മന്ത്രവാദം നടത്തിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ സ്ത്രീയെ തീകൊളുത്തി.

60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്.

ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

40 ശതമാനം പൊള്ളലേറ്റ ജാരിയൊ ദേവി തലസ്ഥാനമായ റാഞ്ചിയില്‍ ചികിത്സയിലാണ്.

സിംഡേഗ ജില്ലയിലെ കുഡ്പാനി ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവമെന്നാണ് പൊലീസ് അറിയിച്ചത്. ബുധനാഴ്ച ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ജാരിയൊ ദേവി ആക്രമിക്കപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

ചടങ്ങില്‍ വെച്ച്, ജാരിയൊ ദേവിയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണക്കാരിയെന്ന് മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ആരോപിക്കുകയായിരുന്നു. ജാരിയൊ ദേവിയുടെ മന്ത്രവാദമാണ് മരണത്തിന് കാരണമെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ അടിക്കാന്‍ തുടങ്ങി.

ഇതിന് പിന്നാലെ ജാരിയൊ ദേവിയുടെ ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഫ്‌ളോറന്‍സ് ഉള്‍പ്പെടെയുള്ള ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രവാദവിരുദ്ധ നിയമം (Anti-Witchcraft Act) പ്രകാരവും കൊലപാതകശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Woman accused of witchcraft set on fire in Jharkhand

We use cookies to give you the best possible experience. Learn more