വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്.
യു.എസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയും.
കാനഡയില്‍ നിന്നാണ് പാക്കേജ് വന്നതെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കാസ്റ്റര്‍ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന രാസവസ്തുവാണ് റിസിന്‍. ഇത് വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍ ചര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം എന്നിവയ്ക്ക് കാരണമാകും.
റിസിനെതിരെ ഫലപ്രദമായ മരുന്നില്ല. റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.
ഇതിനു മുമ്പും റിസിന്‍ ഉപയോഗിച്ചുള്ള പാക്കേജുകള്‍ വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2014ല്‍ മിസിസിപ്പിയിലെ ഒരാള്‍ റിസിന്‍ അടങ്ങിയ കത്ത് അയച്ചിരുന്നു. പ്രസ്തുത കേസില്‍ ഇയാള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.
2018ല്‍ നാവിക സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയും റിസിന്‍ അടങ്ങിയ വിഷവസ്തു പെന്റഗണിലേക്കും വൈറ്റ് ഹൗസിലേക്കും അയച്ചതില്‍ കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക