| Saturday, 24th June 2023, 11:24 am

ഇത്രയും നാള്‍ കൂട്ടായി നിന്നവന്‍ ഇനി ബദ്ധശത്രു; റൊണാള്‍ഡോക്ക് ഇനി നേരിടേണ്ടത് സൂപ്പര്‍ ടീമിന്റെ സൂപ്പര്‍ ക്യാപ്റ്റനെ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പില്‍ നിന്നും സൗദി പ്രീമിയര്‍ ലീഗിലേക്കുള്ള സൂപ്പര്‍ താരങ്ങളുടെ ഒഴുക്ക് തുടരുന്നു. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ തുടങ്ങി റൊണാള്‍ഡോയുടെ സഹതാരത്തിലാണ് ഈ യാത്ര ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത്.

വൂള്‍ഫ്‌സിന്റെ നായകനും പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലുമായ റൂബന്‍ നീവ്‌സാണ് സൗദി പ്രോ ലീഗുമായി അവസാനം കരാറിലെത്തിയ സൂപ്പര്‍ താരം. പോര്‍ച്ചുഗലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരവും അടുത്ത സുഹൃത്തുമാണ് നീവ്‌സ്.

എന്നാല്‍ നീവ്‌സ് പ്രോ ലീഗിലെത്തുന്നത് റൊണാള്‍ഡോയുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ തന്നെയാണ്. റോണോയുടെ ടീമായ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാലുമായാണ് നീവ്‌സ് കരാറിലെത്തിയിരിക്കുന്നത്.

‘വൂള്‍ഫ്‌സില്‍ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ ടീമിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് അല്‍ ഹിലാല്‍ താരത്തിന്റെ വരവ് ആരാധകരുമായി പങ്കുവെച്ചത്. മൂന്ന് സീസണുകളിലാണ് നീവ്‌സ് അല്‍ ഹിലാലിന് വേണ്ടി ബൂട്ടുകെട്ടുക. 55 മില്യണ്‍ യൂറോയാണ് കരാര്‍ തുക.

വൂള്‍ഫ്‌സിന്റെ സാമ്പത്തിക പ്രതിസന്ധികളും നീവ്‌സിന്റെ അല്‍ ഹിലാല്‍ പ്രവേശനത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 മാസത്തില്‍ ട്രാന്‍സ്ഫറുകള്‍ക്കായി 150 മില്യണ്‍ പൗണ്ട് ചെലവഴിച്ചതിനാല്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പെന്‍ഡിങ് റൂള്‍സ് നിയമം ലംഘിക്കാതിരിക്കാന്‍ അവര്‍ക്ക് താരങ്ങളെ വില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

2017ലാണ് റൂബന്‍ നീവ്‌സ് പോര്‍ട്ടോയില്‍ നിന്നും വൂള്‍ഫ്‌സിന്റെ തട്ടകത്തിലേക്കെത്തുന്നത്. വൂള്‍ഫ്‌സിനായി കളിച്ച 253 മത്സരത്തില്‍ നിന്നും 30 ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.

റൂബന്‍ നീവ്‌സിന് വേണ്ടി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സയും ഏറെ നാളായി രംഗത്തുണ്ടായിരുന്നു.

റൂബന്‍ നീവ്‌സിന് പുറമെ ഫുട്‌ബോള്‍ ലോകത്തെ പല വമ്പന്‍ പേരുകാരും ഇതിനോടകം തന്നെ സൗദി പ്രോ ലീഗിന്റെ ഭാഗമായിട്ടുണ്ട്. റയല്‍ മാഡ്രിഡിനെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍സ് ലീഗ് വിന്നറാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സിമ, 2018 ലോകകപ്പ് ജേതാവായ എന്‍ഗോളോ കാന്റെ എന്നിവര്‍ അല്‍ ഇത്തിഹാദുമായി കരാറിലെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് പുറമെ മൂന്ന് ചെല്‍സി താരങ്ങളും കാഷ് റിച്ച് ലീഗിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. ഹക്കിം സിയെച്ച്, കാലിദു കൗലിബാലി, എഡ്വേര്‍ഡ് മെന്‍ഡി എന്നീ താരങ്ങളാണ് ഈ സീസണിന്റെ അവസാനത്തോടെ ചെല്‍സിയില്‍ നിന്ന് അറേബ്യയിലേക്ക് നീങ്ങുന്ന മറ്റുതാരങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറാണ് ഹക്കിം സിയെച്ചിനെ സ്വന്തമാക്കുന്നത്. അല്‍ ഹിലാല്‍ കൗലിബാലിയെ സ്വന്തമാക്കുമ്പോള്‍ എഡ്വേര്‍ഡ് മെന്‍ഡി അല്‍ അഹ്‌ലിലേക്കാണ് കൂടുമാറ്റം നടത്തുക.

Content Highlight: Wolves captain Ruben Neves Joins Al Hilal

We use cookies to give you the best possible experience. Learn more