|

65 വർഷത്തെ ചരിത്രം ഇനി ഓർമ; വാണ്ടറേഴ്സ് പുതിയ നാഴികകല്ലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

എഫ്.എ കപ്പില്‍ വോള്‍വ്‌സിന് വിജയം. വെസ്റ്റ് ബ്രാമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വോള്‍വ്‌സ് പരാജയപ്പെടുത്തിയത്.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരുപിടി മികച്ച നേട്ടങ്ങളാണ് വോള്‍വ്‌സ് സ്വന്തമാക്കിയത്. 1996ന് ശേഷം ആദ്യമായാണ് വോള്‍വ്‌സ് വെസ്റ്റ് ബ്രാമിന്റെ ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. നീണ്ട 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോള്‍വ്‌സ് വെസ്റ്റ് ബ്രോമിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ ക്ലീന്‍ ഷീറ്റ് വിജയം സ്വന്തമാക്കുന്നത്.

വെസ്റ്റ് ബ്രോമിന്റെ തട്ടകമായ ഹത്തോണ്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തില്‍ 38ാം മിനിട്ടില്‍ പെഡ്രൊ നെറ്റൊയാണ് വോള്‍വ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് സന്ദര്‍ശകര്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ 78ാം മിനിട്ടില്‍ മാത്യൂസ് കൂഞ്ഞ വോള്‍വ്‌സിനായി രണ്ടാം ഗോള്‍ നേടി.

മറുപടി ഗോളിനായി ആതിഥേയര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ത്തിന്റെ തകര്‍പ്പന്‍ വിജയം വോള്‍വ്‌സ് സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 52 ശതമാനം ബോള്‍ പൊസഷനും ആതിഥേയരുടെ കൈകളിലായിരുന്നു. 12 ഷോട്ടുകളാണ് സന്ദര്‍ശകരുടെ പോസ്റ്റിലേക്ക് വെസ്റ്റ് ബ്രോമ് അടിച്ചത്. എന്നാല്‍ വോള്‍വ്‌സ് പ്രതിരോധം ശക്തമായി പിടിച്ചുനില്‍ക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി രണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് വോള്‍വ്‌സിന്റെ അടുത്ത മത്സരം. വോള്‍വ്‌സിന്റെ തട്ടകമായ മോളിന്യൂക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: wolves beat west brom in FA cup.

Latest Stories