ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതായി ആരോപണം. മുന്‍കൂറായി യാതൊരു അറിയിപ്പും കൂടാതെ നാലു മാധ്യമപ്രവര്‍ത്തകരെ പിരിച്ചു വിടുകയും ഒരു മാധ്യമപ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റു മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും. വോക്ക് ജേര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ മാനേജ്‌മെന്റംഗമായ ലെബി ജോര്‍ജ് (ഇഞ്ചിപ്പെണ്ണ്), ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സന്തോഷ് പട്ടത്തില്‍ തുടങ്ങിയവരാണ് ഇതിനു പിന്നിലെന്നാണ് പിരിച്ചുവിട്ട മാധ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
മാര്‍ച്ച് 21ന് കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ മൂന്നു മാസത്തേക്ക് ഓഫീസ് ചെറിയ രീതിയില്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളുവെന്നും അതുകൊണ്ട് ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ ജോലിയുണ്ടാവുന്നതല്ല എന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
ആ മാസത്തെ ശമ്പളം മുഴുവനായും തരുമെന്ന് അവര്‍ അറിയിച്ചുവെന്നും വോക്ക് ജേര്‍ണല്‍ മലയാളത്തില്‍ നിന്നും പിരിച്ചുവിട്ട ഫയാസ് അബ്ദുള്‍ റസാക്ക് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വോക്ക് ജേര്‍ണലിലെ ക്യാമറമാനായ തന്നെ ശമ്പളം തരാനെന്ന പേരില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുന്ന സംഭവമുണ്ടായതായും അദ്ദേഹം അറിയിച്ചു.
കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സീനിയര്‍ ഫെല്ലോ ആയ ലെബി ജോര്‍ജാണ് തങ്ങളെ ഇന്റര്‍വ്യൂ ചെയ്ത് ജോലിക്കെടുത്തതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ സ്ഥാപനത്തിന്റെ ആരുമല്ലെന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്തു വരുന്നതെന്നും ഫയാസ് പറയുന്നു.
വൈഷ്ണവി എം.പി, ഫയാസ്, ക്രിസ്റ്റി ജോസഫ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റു രണ്ടു മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് മാധ്യമസ്ഥാപനം മുന്‍കൂറായി അറിയിപ്പുകളൊന്നുമില്ലാതെ നടപടിയെടുത്തിരിക്കുന്നത്.
കൊറോണ കാരണം സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ മൂന്നു മാസത്തേക്ക് ചെറിയ രീതിയിലേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്ന് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സന്തോഷ് പട്ടത്തില്‍ മെസേജ് ചെയ്ത് അറിയിക്കുകയായിരുന്നെന്ന് ഫയാസ് പറയുന്നു.
‘ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സ്ഥാപനത്തിലേക്ക് വരേണ്ടതില്ലെന്നും ഈ മാസത്തെ ശമ്പളം മുഴുവന്‍ തരുന്നതാണെന്നും അറിയിച്ചു. എന്നാല്‍ മാര്‍ച്ച് 23ന് എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണെന്ന് കാണിച്ച് മെയില്‍ വന്നു. ഇതുപോലെ മറ്റു നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും മെയില്‍ വന്നു’, ഫയാസ് പറയുന്നു.
തനിക്ക് വന്ന മെയിലില്‍ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് കാണിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മെയിലില്‍ കൊറോണ കാരണവുമെന്നും കാണിച്ചിരിക്കുന്നു. അഞ്ചു പേരില്‍ വൈഷ്ണവി എന്ന മാധ്യമപ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നാണ് മെയിലില്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവന്‍ തരുമെന്നാണ് അറിയിച്ചതെങ്കിലും പകുതി പണമേ തന്നുള്ളുവെന്നാണ് വോക്ക് ജേര്‍ണലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വൈഷ്ണവി ഡൂള്‍ന്യൂസിനോട് പറഞ്ഞത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പിരിച്ചുവിടുന്നുവെന്നറിയിച്ച് മെയില്‍ അയച്ചതെന്നും വൈഷ്ണവി പറഞ്ഞു.
‘ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഈവനിംഗ് ഷിഫ്റ്റിലുള്ളവരായിരുന്നു. പെട്ടെന്നാണ് സസ്‌പെന്‍ഡ് ചെയ്തുവെന്നറിയിച്ച് മെയില്‍ അയച്ചത്. ബാക്കിയുള്ളവര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്ററുമാണ് അയച്ചത്. ആദ്യം തന്ന അറിയിപ്പനുസരിച്ച് ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും തരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പകുതി ശമ്പളം മാത്രമാണ് ഞങ്ങള്‍ നാലുപേരുടെ അക്കൗണ്ടുകളിലേക്കിട്ടു തന്നത്. ഒരാള്‍ക്ക് ശമ്പളം കൊടുത്തിട്ടുമില്ല. പകുതി ശമ്പളം ഇട്ടു തന്നതു തന്നെ ആവര്‍ത്തിച്ച് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടാണ്,’ വൈഷ്ണവി പറഞ്ഞു.
എന്നാല്‍ തനിക്ക് ശമ്പളം തന്നില്ലെന്ന് ഫയാസ് പറയുന്നു. ശമ്പളം ചോദിച്ച് സന്തോഷ് പട്ടത്തിലുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥാപനത്തില്‍ നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചുവെന്നും ഫയാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘തരാമെന്നു പറഞ്ഞ ദിവസം എനിക്ക് ശമ്പളം തരാത്തതിനെ തുടര്‍ന്ന് വോക് ജേര്‍ണല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സന്തോഷ് പട്ടത്തിലുമായി ബന്ധപ്പെട്ടു. എന്നോട് ഓഫീസില്‍ നേരിട്ടെത്താനും അറിയിച്ചു. നേരിട്ടെത്തിയപ്പോള്‍ ശമ്പളം തരണമെങ്കില്‍ ഒരു പേപ്പറില്‍ ഒപ്പിടണമെന്ന് അറിയിക്കുകയായിരുന്നു. എനിക്ക് മെയില്‍ അയച്ച അതേ കോപ്പിയുടെ പ്രിന്റിലാണ് ഒപ്പിടാന്‍ പറഞ്ഞത്. എന്നാല്‍ ഒപ്പിടാന്‍ വിസമ്മതിച്ച എന്നെ മര്‍ദ്ദിക്കുകയും ചെയ്തു. ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗംഗാശങ്കറാണ് എന്നെ മര്‍ദ്ദിച്ചത്,’ ഫയാസ് പറയുന്നു.
ആക്രമണത്തിനെതിരെ മരട് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ഫയാസ് പറയുന്നു. ഇതിനെ തുടര്‍ന്ന് വോക്ക് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകയായ അനാമിക സ്വമേധയാ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോവുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതിഷേധവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
രാജ്യം ലോക്ഡൗണ്‍ കാലഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനോ അവരെ പിരിച്ചു വിടാനോ പാടില്ല എന്ന് മാര്‍ച്ച് 20ന് വന്ന തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് തങ്ങളെ പിരിച്ചു വിട്ട നടപടിയെന്നും ഫയാസ് വ്യക്തമാക്കി.
അനധികൃതമായി തങ്ങളെ പുറത്താക്കിയ നടപടിയിലും തന്നെ മര്‍ദ്ദിച്ച സംഭവത്തിലും പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ലേബര്‍ കമ്മീഷനിലേക്കും പൊലീസിനും ഡി.ജി.പിക്കും കേരള പത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ടെന്നും ഫയാസ് പറയുന്നു.
‘ഞങ്ങളെ അനധികൃതമായാണ് പിരിച്ചു വിട്ടത്. മാത്രവുമല്ല, ആ സ്ഥാപനത്തിലെ ജീവനക്കാരനല്ലാത്ത ഗംഗാശങ്കറിന്റെ കൈയില്‍ പണം കൊടുത്തേല്‍പ്പിക്കുകയും എന്നെ മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ലേബര്‍ കമ്മീഷനിലും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കേസ് പരിഗണനയിലാണെന്നാണ് ഇതു സംബന്ധിച്ച് ഞങ്ങള്‍ക്ക് വന്ന മറുപടി. ഈ ഘട്ടത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഈ നടപടി തീര്‍ത്തും തൊഴിലാളിവിരുദ്ധവുമാണ്,’ ഫയാസ് പറഞ്ഞു.
സ്ഥാപനത്തില്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ നേരത്തെയും കൈകൊണ്ടിട്ടുണ്ടെന്ന് വോക്ക് ജേര്‍ണലില്‍ നിന്നും മുമ്പ് സ്വമേധയാ രാജി വെച്ച മാധ്യമപ്രവര്‍ത്തകയായ മഞ്ജരി പി.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഞങ്ങളെ നിരീക്ഷിക്കാന്‍ ഓഡിയോ റെക്കോര്‍ഡറുള്ള വെബ്കാം സ്ഥാപനത്തില്‍ വെച്ചിരുന്നു. തൊഴിലാളികളെ ഇതുവെച്ച് നിരീക്ഷിക്കുകയും തുടര്‍ന്ന് പിന്നീട് റെക്കോര്‍ഡ് ചെയ്തു വെച്ച കാര്യങ്ങള്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.’
തൊഴിലാളി വിരുദ്ധ നടപടികളാണ് അവിടെ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച് പോന്നിരുന്നതെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.