അദ്ദേഹത്തിനെതിരെ കളിക്കുമ്പോല്‍ മാത്രമാണ് ഞാന്‍ പേടിച്ചത്; തുറന്ന് പറഞ്ഞ് പോളണ്ടിന്റെ ഗോള്‍ കീപ്പര്‍ ഷെസ്‌നി
Sports News
അദ്ദേഹത്തിനെതിരെ കളിക്കുമ്പോല്‍ മാത്രമാണ് ഞാന്‍ പേടിച്ചത്; തുറന്ന് പറഞ്ഞ് പോളണ്ടിന്റെ ഗോള്‍ കീപ്പര്‍ ഷെസ്‌നി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th October 2024, 8:10 pm

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. എസ്റ്റാഡിയോ മാസ് മോണുമെന്റലില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് അര്‍ജന്റീന ബൊളീവിയയെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ സൂപ്പര്‍ താരം മെസി ഹാട്രിക് നേടി. 19, 84, 89 മിനിട്ടുകളിലായിരുന്നു മെസി എതിരാളികളെ മറികടന്ന് പന്ത് വലയിലെത്തിച്ചത്. കരിയറിലെ പത്താമത് അന്താരാഷ്ട്ര ഹാട്രിക്കാണ് മെസി ബൊളീവിയക്കെതിരെ നേടിയത്.

മെസി ഗോള്‍ അടിച്ച ഗോള്‍ കീപ്പര്‍മാര്‍ക്കെല്ലാം പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ ബഡ്‌വൈസര്‍, എത്ര ഗോളുകള്‍ അടിച്ചോ അത്രയും ഗോളുകള്‍ പാര്‍സല്‍ ആയി അയച്ചിരുന്നു. ഇപ്പോള്‍ പോളണ്ടിന്റെ ഗോള്‍ കീപ്പറായ ഷെസ്‌നി മെസിയെക്കുറിച്ച് സംസാരിത്തിരിക്കുകയാണ്.

‘മെസി എനിക്കെതിരെ മൂന്ന് ഗോളുകള്‍ മാത്രമാണ് നേടിയതെന്ന് തോന്നു. കാരണം അന്ന് മൂന്ന് ബിയറുകളാണ് മെസി എനിക്ക് അയച്ചു തന്നത്. എനിക്കെതിരെ കൂടുതല്‍ ഗോളുകള്‍ നേടിയ മറ്റു താരങ്ങളും ഉണ്ടാകാം. പക്ഷേ മെസിക്കെതിരെ കളിക്കുമ്പോള്‍ മാത്രമായിരുന്നു എനിക്ക് ഭയം ഉണ്ടായിരുന്നത്. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്. ഖത്തര്‍ വേള്‍ഡ് കപ്പില്‍ മെസിയുടെ പെനാല്‍റ്റി സേവ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് വളരെയധികം സന്തോഷം നല്‍കിയ ഒരു കാര്യമായിരുന്നു,’ ഷെസ്‌നി പറഞ്ഞു.

മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടീനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് ആല്‍ബിസെലസ്റ്റിന്റെ മറ്റ് ഗോളുകള്‍ കണ്ടെത്തിയത്. വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി 22 പോയിന്റോടെയാണ് മെസിപ്പട ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

നവംബര്‍ 15നാണ് ക്വാളിഫയറില്‍ അര്‍ജന്റീനയുടെ അടുത്ത മത്സരം. എസ്റ്റാഡിയോ ഡിഫന്‍സേഴ്സ് ഡെല്‍ ചാക്കോയില്‍ നടക്കുന്ന മത്സരത്തില്‍ പരഗ്വായ് ആണ് എതിരാളികള്‍.

 

Content Highlight: Wojciech Szczesny Talking About Lionel Messi