| Thursday, 12th October 2023, 10:10 am

പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ പൊലീസ് വാഹനം തടഞ്ഞെന്ന് ആരോപിച്ച കേസില്‍ പുല്ലൂക്കരയിലെ നാണാറത്ത് സനൂപ്(32), ആലിയാട്ട് ഫായിസ്(32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗതടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ നടപടിയെടുത്തത്.

പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുന്ന
യുവാക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ചൊക്ലി എസ്.ഐ അടങ്ങുന്ന പൊലീസ് സംഘത്തോടായിരുന്നു സനൂപ് എന്നയാള്‍ പൊതുവഴിയില്‍ തര്‍ക്കിച്ചിരുന്നത്.

ഹെല്‍മെറ്റ് ധരിക്കാത്തതിന് പെറ്റി ലഭിച്ച ശേഷമായിരുന്നു സനൂപ് പൊലീസിനോട് വാക്കാല്‍ ഏറ്റുമുട്ടിയത്. ഈ സമയം സനൂപിന് പിന്തുണയുമായി എത്തിയ ആളാണ് ഫായിസ്. പൊലീസ് ജീപ്പിന്റെ അരികില്‍നിന്ന് പൊലീസിനെ ഇവര്‍ ചോദ്യം ചെയ്യുന്നതും ആളുകള്‍ കൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.

വാഹനം തടഞ്ഞിട്ടില്ലെന്നും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് നമ്മള്‍ ചോദിക്കില്ലേയെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സനൂപ് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരന്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ഈ സമയം തന്നെ പൊലീസ് സനൂപിന്റെ വിവരങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുന്നുണ്ട്. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് കേസെടുക്കുന്ന നടിപടികളുമായി മുന്നോട്ടുപോയത്.


Content Highlight: Two youths were arrested after the police questioned them for not wearing seat belts

We use cookies to give you the best possible experience. Learn more