'പുലയന്‍' വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്
Kerala
'പുലയന്‍' വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2017, 3:40 pm

കല്‍പ്പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ കീഴിലുളള കൂളിവയല്‍ ഇമാം ഗസാലി കോളേജിലെ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാതെ കോളേജ് അധികൃതര്‍. കോളേജ് മാഗസിന് ” പുലയന് ” എന്ന് പേര് നല്‍കിയതിനാലാണ് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാതെ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. കീഴ് ജാതിക്കാരെന്ന് വിളിച്ച് കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്നും തരം താഴ്ത്തിയ ജനതയ്ക്കുള്ള സമര്‍പ്പണമായാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുലയന് എന്ന മാഗസിന്‍ തയ്യാറാക്കിയത്.

എന്നാല്‍ പുലയന്‍ എന്ന പദം ഉപയോഗിക്കുന്നതിന് കോടതി വിലക്കുണ്ടെന്നും പ്രസിദ്ധീകരിച്ചാല്‍ കോളേജിന്റെ അഫിലിയേഷന്‍ അടക്കം റദ്ദാക്കുമെന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാതെയിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കോളേജ് മാഗസിന് പുലയന് എന്ന് പേര് നല്‍കാന്‍ തീരുമാനിക്കുന്നതും രചനകളും മറ്റുമായി മുന്നോട്ട് പോകുന്നതും. സ്റ്റാഫ് എഡിറ്ററുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. രണ്ട് മാസത്തിന് മുമ്പ് തന്നെ മാഗസിന്റെ പി.ഡി.എഫ് പതിപ്പ് തയ്യാറാവുകയും ചെയ്തു. എന്നാല്‍ മാഗസിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍  ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read:മോദി സര്‍ക്കാരിന് കീഴില്‍ ബാബാ രാംദേവിന് അച്ഛേദിന്‍: രാജ്യത്തെ ബി.എസ്.എഫ് ട്രൂപ്പുകളില്‍ വിറ്റഴിക്കുക ഇനി പതഞ്ജലി ഉത്പ്പന്നങ്ങള്‍


കോടതി വിലക്കുണ്ടെന്നും അതിനാല്‍ പേരുമാറ്റാതെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ പേര് ഉപയോഗിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് വക്കീലിന്റെ കത്ത് നല്‍കിയാല്‍ മതിയാകുമെന്നായി മാനേജ്‌മെന്റ്. എന്നാല്‍ പുലയന്‍ എന്ന പദം ഉപയോഗിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വക്കീല്‍ വ്യക്തമാക്കിയെങ്കിലും കത്ത് നല്‍കാന്‍ തയ്യാറായില്ല.

അട്രോസിറ്റി ആക്ട് പ്രകാരം പുലയന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ തടസ്സമുണ്ടെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ നിയമത്തില്‍ അത്തരത്തിലൊരു ഭാഗമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുസ്‌ലിം ഓര്‍ഫനേജ് നടത്തുന്ന കോളേജില്‍ നിന്നും ഇത്തരത്തിലൊരു മാഗസ്സിന്‍ പുറത്തിറങ്ങുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ഇതേ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും പിന്തുണ മാഗസിന്‍ കമ്മറ്റിക്കുണ്ടെന്ന് മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍
ന്യൂസിനോട് പറഞ്ഞു. വിഷയം ചൂണ്ടിക്കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് മാഗസിന്‍ കമ്മറ്റി.