എനിക്ക് നീതി ലഭിക്കുകയും ജീവിതം തിരിച്ചു പിടിക്കുകയും വേണം; ഗോരക്ഷകർ തകർത്ത ജീവിതം തുന്നിക്കെട്ടി രാജസ്ഥാനിലെ സ്ത്രീകൾ
national news
എനിക്ക് നീതി ലഭിക്കുകയും ജീവിതം തിരിച്ചു പിടിക്കുകയും വേണം; ഗോരക്ഷകർ തകർത്ത ജീവിതം തുന്നിക്കെട്ടി രാജസ്ഥാനിലെ സ്ത്രീകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 12:12 pm

ജയ്‌പൂർ: ഒരു വർഷം മുമ്പ് ഹരിയാനയിലെ ഭിവാനിയിൽ ഹിന്ദു ഗോ സംരക്ഷകർ 35 കാരനായ ജുനൈദിനെ തീ കൊളുത്തി കൊന്നപ്പോൾ തകർന്നത് സാജിദയുടെ ജീവിതം. ഒരു മാസം മുമ്പ് 14 വയസുള്ള മകൾ ഹൃദയാഘാതം മൂലം മരിച്ചു. ദുഃഖങ്ങൾക്കിടയിലും മുന്നോട്ട് നീങ്ങിയ സാജിദ പുതിയ കോസ്മെറ്റിക് ഷോപ് നടത്തി ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഗോരക്ഷകർ തകർത്ത കുടുംബങ്ങളെ കുറിച്ച് ദി പ്രിന്റിന്റെ റിപ്പോർട്ടിലാണ് സ്ത്രീകളുടെ അതിജീവീണതെ കുറിച്ച് പരാമർശിക്കുന്നത്.

സാജിദയെ പോലെ നിരവധി സ്ത്രീകൾക്കാണ് രാജസ്ഥാനിലെ ഘട്മീകയിൽ ഗോരക്ഷകരുടെ ആക്രമണത്തെ തുടർന്ന് ഭർത്താക്കന്മാരെ നഷ്ടമായത്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതം തുന്നിച്ചേർക്കാൻ ശ്രമിക്കുന്ന നിരവധി സാജിദമാരെയും പർമീനമാരെയും ഉത്തരേന്ത്യയിലുടനീളം കാണാം.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

‘ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് എന്റെ ജീവിതം ഇന്നാകെ മാറി. ഇപ്പൊ ജീവിതം വെല്ലുവിളികളും കണ്ണീരും നിറഞ്ഞതാണ്. എനിക്ക് നീതി ലഭിക്കുകയും ജീവിതം തിരിച്ചു പിടിക്കുകയും വേണം.’ സാജിദ പറഞ്ഞു.

പ്രധാനമായും സാമ്പത്തികമായി കുടുംബത്തെ നില നിർത്തിയിരുന്ന പുരുഷന്മാർ കൊല്ലപ്പെട്ടതിന് ശേഷം രാജസ്ഥാനിലെ പല കുടുംബങ്ങളും തകർന്നു. മിക്ക വീടുകളിലെയും സ്ത്രീകൾ ജീവിതം പച്ച പിടിക്കുന്നതിനു വേണ്ടി പുതിയ ജോലികൾ കണ്ടെത്തുന്നു.

മിക്കവർക്കും ഗോരക്ഷയുടെ പേരിൽ ഉണ്ടായ കൊലപാതകങ്ങളെ കുറിച്ചോർക്കുമ്പോൾ ഞെട്ടലാണ്. ഭയവും മടുപ്പും മിക്കവരെയും വിട്ട് പോയിട്ടില്ല. ജുനൈദ്-നസീർ കൊലപാതകത്തിന്റെ ഇരകളെ കുറിച്ച് പതിയെ രാഷ്ട്രീയക്കാരും മറന്നു പോവുമെന്നും അവർക്ക് നീതി കിട്ടില്ലെന്നുമാണ് ഓരോ കുടുംബവും പറയുന്നത്.

നസീറിനെയും ജുനൈദിനെയും പശു സംരക്ഷകർ മർദിച്ച് കൊലപ്പെടുത്തിയത് 2023 ഫെബ്രുവരി 16 നാണ്. ഭിവാനിയിൽ ബൊലേറോ കാറിൽ നിന്നാണ് അവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മന്ദഗതിയിലുള്ള കോടതി നടപടികളും രാജസ്ഥാൻ ബോവിൻ ആനിമൽ (കശാപ്പ് നിരോധനം, താൽക്കാലിക കുടിയേറ്റം അല്ലെങ്കിൽ കയറ്റുമതി എന്നിവയുടെ നിയന്ത്രണം) നിയമം 2015, ഹരിയാന ഗൗവൻഷ് സംരക്ഷണൻ, ഗൗസംവർദ്ധൻ നിയമം 2015 എന്നിവയ്‌ക്കെതിരായ അവരുടെ ഹരജിയിൽ വാദം കേൾക്കാത്തതും അവരെ നിരാശരാക്കിയിട്ടുണ്ട്.

ഭർത്താവിൻ്റെ മരണശേഷം ആറ് മക്കളെ വളർത്തേണ്ട ചുമതല സാജിദയുടെ ചുമലിലായി. എന്നാൽ ജുനൈദിൻ്റെ മരണത്തിന് ഒരു വർഷത്തിന് ശേഷം ഒരു മരണം കൂടി കുടുംബത്തെ തേടിയെത്തി. 14 വയസ്സുള്ള സാജിദയുടെ മകൾക്ക് പിതാവിന്റെ വിയോഗം താങ്ങാനുള്ള കരുത്തുണ്ടായിരുന്നില്ല . അത് മെല്ലെ അവളെ മരണത്തിലേക്ക് നയിച്ചു. ആരോഗ്യം വഷളാകാൻ തുടങ്ങിയതിനെ തുടർന്ന് അവൾക്ക് ഭാരം കുറയുകയും ഹൃദയാകാത്തതെ തുടർന്ന് മരണപ്പെടുകയുമായിരുന്നു.

“അച്ഛൻ എന്ത് ചെയ്തു? എന്തിനാണ് അവർ അച്ഛനെ കൊന്നത്? തുടങ്ങിയ 14 കാരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും പിടിച്ചു നിൽക്കാനായിരുന്നില്ലെന്ന് സാജിദയുടെ ബന്ധുക്കൾ പറഞ്ഞു.

ജുനൈദ് തന്റെ മക്കളെ നല്ല രീതിയിലാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ ജുനൈദിന്റെ മരണം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമോ എന്ന ഭയം സാജിദക്കുണ്ട്. നസീറിന്റെ മരണശേഷം അയാളുടെ ഭാര്യ പർമീന വിഷാദാവസ്ഥയിലായിരുന്നു. തകർന്നടിഞ്ഞ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നവർ.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടം കൂടുതൽ ആളുകളും കന്നുകാലികളെ വളർത്തിയാണ് ഉപജീവനം നടത്തുന്നത്. ചെറുകിട കർഷകരും ലോറി ഡ്രൈവർമാരും അടങ്ങുന്ന ആളുകളാണ് ഘട്മീകയിലുള്ളത്. കന്നുകാലി കടത്ത് ഇവിടെ ചൂടേറിയ ചർച്ചയാണ്.

2017 നവംബറിൽ മറ്റൊരു മരണം കൂടി ഇവിടെ ഉണ്ടായി. ഉമർഖാൻ എന്ന 35 വയസുകാരനെ അൽവാർ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശു സംരക്ഷകരാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

വർധിച്ചു വരുന്ന ഈ അക്രമങ്ങൾക്കെതിരെ പോരാടാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയ ഒരു പുതിയ ചരിത്രത്തിനു കൂടി തുടക്കമിട്ടിട്ടുണ്ട് ഇന്ന് ഈ പ്രദേശം.

കന്നുകാലി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്‌ലിങ്ങൾക്കെതിരായ അതിക്രമങ്ങൾ, രാജസ്ഥാൻ ബോവിൻ അനിമൽ (കശാപ്പ് നിരോധനവും താൽക്കാലിക കുടിയേറ്റമോ കയറ്റുമതിയും നിയന്ത്രിക്കൽ) നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു സംയുക്ത ഹര ജിയിലൂടെ വലിയ നിയമയുദ്ധം നടത്താൻ സാജിദയും പ്രവീണയുമടക്കം നാലു സ്ത്രീകൾ രംഗത്തു വരികയുണ്ടായി. ഇവരുടെ ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

പാറകൾ നിറഞ്ഞ ആരവല്ലി കുന്നുകൾക്ക് നടുവിൽ, മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ ചെറിയ ഗ്രാമത്തിലെ നിവാസികൾ ചുട്ടുപൊള്ളുന്ന ചൂടും ക്രമരഹിതമായ വൈദ്യുതിയും ജല ദൗർലഭ്യതയും സഹിച്ച് കഴിയുന്നവരാണ്. രാഷ്ട്രീയക്കാർ തിരിഞ്ഞു നോക്കാൻ താത്പര്യപെടാത്ത ഇവിടം ജനശ്രദ്ധയിലേക്കെത്തുന്നത് ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തിന് ശേഷമാണ്.

ഗ്രാമത്തിൽ ഒരു സർക്കാർ സ്‌കൂൾ മാത്രമേയുള്ളൂവെന്നും അധ്യാപകർ കുറവാണെന്നും ആശുപത്രി ഇല്ലെന്നും ഗ്രാമവാസികൾ പറയുന്നു. മെഡിക്കൽ എമർജൻസി ഉണ്ടായാൽ ഗ്രാമവാസികൾക്ക് അൽവാറിലേക്ക് 70 കിലോമീറ്റർ യാത്ര ചെയ്യണം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബങ്ങളാണ് ഗോവധത്തിന്റെ പേരിൽ വീണ്ടും ദുരിതത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: Wives of men killed by gau rakshaks stitch their lives back

 Wives of men killed by gau rakshaks stitch their lives back