| Wednesday, 25th December 2024, 6:31 pm

സ്റ്റാര്‍ബക്ക്സിന്റെ ക്യൂ.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് ഗസയിലെ വംശഹത്യയ്ക്ക് സാക്ഷിയാവാം; ചര്‍ച്ചയായി ന്യൂയോര്‍ക്കിലെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ക്രിസ്മസ് ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുമ്പോള്‍ ജീവനുവേണ്ടി പോരാടുന്ന ഗസയിലെ ജനതയ്ക്ക് വേണ്ടി വേറിട്ടൊരു ഐക്യദാര്‍ഢ്യ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ പ്രതിഷേധക്കാര്‍.

ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകളായ സ്റ്റാര്‍ബക്ക്സ്, മാക് ഡൊണാള്‍ഡ് എന്നിവയുടെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഗസയിലെ വംശഹത്യയുടെ ചിത്രങ്ങള്‍ കാണിക്കുന്നതാണ് പുതിയ പ്രതിഷേധ രീതി.

ഫലസ്തീനുമായി ബന്ധപ്പെട്ട് ബോയ്ക്കോട്ട് നേരിടുന്ന ബ്രാന്‍ഡുകളാണ് സ്റ്റാര്‍ബക്ക്‌സും മാക് ഡൊണാള്‍ഡും സാറയുമൊക്കെ. ഈ കമ്പനികളിലെ ഓഫറുകള്‍ നേടണമെങ്കില്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ എന്നാണ് വിവിധ ഭാഗങ്ങളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ഇവ സ്‌കാന്‍ ചെയ്യുമ്പോഴാണ് ഗസയിലെ ഇസ്രഈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ന്യൂജേഴ്സി ഫലസ്തീന്‍ ആക്ഷന്‍ ചാനല്‍ എന്ന ഇന്‍സ്റ്റാഗ്രം പേജ് വഴി ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ‘ഇത് വംശഹത്യ അവസാനിപ്പിക്കാനുള്ള സീസണ്‍’ എന്ന അടിക്കുറിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്റ്റിക്കറുകള്‍ക്ക് വലിയീതിയിലുള്ള ജനപ്രീതി ലഭിച്ചത് കാരണം സ്പാനിഷിലേക്കും ഇവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ മറ്റ് ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യാന്‍ ആളുകളില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കിന് പുറമെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിളിലും യു.എസിലെ തന്നെ കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ, ഇല്ലിനോയിസ്, ഫ്‌ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്റ്റിക്കര്‍ സ്ഥാപിച്ചതായി ഈ ആശയത്തിന് നേതൃത്വം കൊടുത്ത പ്രസ്ഥാനമായ ബി.ഡി.എസ് (ബോയ്‌ക്കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ്) പ്രതികരിച്ചു.

സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സംഘടനയാണ് ബി.ഡി.എസ്. അഹിംസയിലൂടെ ഇസ്രഈലിന്റെ അധിനിവേശവും ആക്രമണങ്ങളും അവസാനിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

ഗസ- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിനെ സഹായിക്കുന്നു എന്നാരോപിച്ച് ഏകദേശം ഒരു വര്‍ഷത്തോളമായി സ്റ്റാര്‍ബക്ക്‌സും മാക്‌ഡൊണാള്‍ഡും ബോയ്‌ക്കോട്ട് നേരിടുന്നുണ്ട്.

ഇത് അവരുടെ വിപണിയെപ്പോലും ബാധിക്കുകയുണ്ടായി. ഇവയ്ക്ക് പുറമെ കൈകാലുകള്‍ നഷ്ടപ്പെട്ട മാനെക്വിനുകളും വെളുത്ത ആവരണത്തില്‍ പൊതിഞ്ഞ പ്രതിമകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സാറയ്ക്കുമെതിരേയും ബോയ്‌ക്കോട്ട് ഉണ്ട്.

ഗസയ്ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തിന്റെ ചിത്രങ്ങളുമായി സാമ്യമുള്ളതാണ് ഇവ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‌കരണ ആഹ്വാനം.

Content Highlight: Witness the Genocide in Gaza by Scanning a Starbucks QR Code; Protest in New York went viral 

We use cookies to give you the best possible experience. Learn more