പ്രധാനമന്ത്രി എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നുവെന്ന് സാക്ഷി; അഞ്ച് രാജ്യങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തേടി പൊലീസ്
national news
പ്രധാനമന്ത്രി എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നുവെന്ന് സാക്ഷി; അഞ്ച് രാജ്യങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തേടി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2023, 8:30 am

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗിക പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി ഒന്നും മിണ്ടാത്തതില്‍ വിഷമുണ്ടെന്ന് സാക്ഷി മാലിക്. തങ്ങള്‍ വിജയിച്ചപ്പോള്‍ വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറിയ അദ്ദേഹം മൗനം പാലിക്കുന്നത് സങ്കടകരമാണെന്നും സാക്ഷി ബി.ബി.സിയോട് പറഞ്ഞു.

പ്രധാനമന്ത്രിക്ക് തങ്ങള്‍ സമരമിരിക്കുന്നത് എന്തിനാണെന്ന് അറിയാമെന്നും സാക്ഷി പറഞ്ഞു.

‘ഞങ്ങള്‍ വിജയിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം പെരുമാറിയത്. ഈ വിഷയത്തില്‍ അദ്ദേഹം മൗനിയായി ഇരിക്കുന്നത് വേദനിപ്പിക്കുന്നുണ്ട്,’ സാക്ഷി മാലിക് പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെയുള്ള കേസ് ഏത് തരത്തിലുള്ളതാണെന്ന് നോക്കിയിട്ട് അടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ബ്രിജ് ഭൂഷണെതിരെ ഏതൊക്കെ തരത്തിലുളള കേസുകളാണോ എടുക്കുന്നത് അതിന് അനുസരിച്ചായിരിക്കും അടുത്തതായി എന്ത് നടപടിയെടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിക്കില്ല.

പ്രധാനമന്ത്രി തീര്‍ച്ചയായും ഇതില്‍ ഇടപെടുകയും പൊലീസ് അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പാക്കുകയും വേണം. ഞങ്ങള്‍ക്ക് നീതിയുക്തമായ അന്വേഷണമാണ് ആവശ്യം.

40 ദിവസത്തോളം ഞങ്ങള്‍ തെരുവിലിരുന്നു. ഞങ്ങളെന്തിനാണ് പ്രതിഷേധിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ല,’ സാക്ഷി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരോപണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദം കൊണ്ടാകാമെന്നും സാക്ഷി പറഞ്ഞു. പോക്‌സോ പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമല്ലെങ്കിലും സിങ്ങിനെതിരെ നിരവധി പരാതികളുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു.

‘പരാതിക്കാരിയുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ആരോപണം പിന്‍വലിക്കാന്‍ താരത്തിന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു.

പോക്‌സോ പ്രകാരമുള്ള കേസുകള്‍ ബാധകമല്ലെങ്കില്‍ പോലും സിങ്ങിനെതിരെ നിരവധി പരാതികളുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. പക്ഷേ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമല്ലെന്ന് തോന്നുന്നു,’ സാക്ഷി പറഞ്ഞു.

അതേസമയം ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ വിദേശ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് ദല്‍ഹി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ തേടിയിട്ടുണ്ട്. ഇന്തോനേഷ്യ, ബള്‍ഗേറിയ, കിര്‍ഗിസ്താന്‍, മംഗോളിയ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനിടെ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സര സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ചത്. എന്നാല്‍ എഫ്. ഐ. ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ വിവിധ ഫെഡറേഷനുകള്‍ക്ക് കത്തെഴുതിയി രുന്നുവെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത് ഉയര്‍ന്നുവന്നത് എന്നത് അറിയില്ലെന്നും പൊലീസ് പറയുന്നുണ്ട്. നാല് ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ഓഡിയോ തെളിവ് കഴിഞ്ഞ ദിവസം സംഘത്തിന് കൈമാറിയിരുന്നു. തെളിവ് കൈമാറാന്‍ 24 മണിക്കൂര്‍ മാത്രമാണ് താരങ്ങള്‍ക്ക് പൊലീസ് അനുവദിച്ചിരുന്നത്. സമയം ലഭിക്കാതെ വന്നതോടെ രണ്ടുപേര്‍ക്ക് തെളിവ് നല്‍കാനായില്ലെന്ന ആരോപണവും ഉയരുന്നു.

ഗുസ്തി താരങ്ങള്‍ക്കു വേണ്ടി റഫറി, പരിശീലകന്‍, അന്താരാഷ്ട്ര മത്സരത്തിലെ സ്വര്‍ണ ജേതാക്കള്‍ ഉള്‍പ്പെടെ 125 പേര്‍ പൊലീസിന് സാക്ഷി മൊഴി നല്‍കി. കേസില്‍ ജൂണ്‍ 15നുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ജൂണ്‍ 15ന് ശേഷം അടുത്ത നടപടിയെന്തെടുക്കണമെന്ന് ആലോചിക്കുമെന്നാണ് അന്ന് താരങ്ങള്‍ അറിയിച്ചത്.

content highlight: Witness that the Prime Minister knows everything and remains silent; Police are looking for CCTV footage in five countries