| Sunday, 25th November 2018, 2:42 pm

അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറെന്ന് സാക്ഷിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴി. അഞ്ച് സാക്ഷികളുടെ മൊഴിയാണ് ഇക്കാര്യം സ്ഥീരീകരിക്കുന്നത്. ഡ്രൈവര്‍ അര്‍ജുനാണ് വാഹനമോടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും പൊലീസും പറഞ്ഞിരുന്നത്.

അപകടത്തിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരുടെയും പ്രദേശവാസികളുടെയും മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ബാലഭാസ്‌കറിന്റെ വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനത്തില്‍ യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

മൊഴിയിലെ വൈരുദ്ധ്യമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് ആര് എന്ന കാര്യത്തിലടക്കം വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരുന്നത്.

Also Read:വി.എച്ച്.പി റാലി: അയോധ്യയിലെ മുസ്‌ലീങ്ങള്‍ ഭീതിയില്‍, സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

വാഹനം ഓടിച്ചത് ആരാണെന്ന് ഓര്‍മ്മിയില്ല എന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയത്. ഇതുസംബന്ധിച്ച ബാലഭാസ്‌കറിന്റെ ഭാര്യയുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു. മംഗലപുരം പൊലീസാണ് നിലവില്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.പി.ഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

We use cookies to give you the best possible experience. Learn more