തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ആളെ കണ്ടെന്ന് സാക്ഷി മൊഴി. ചെങ്കല്‍ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നല്‍കിയത്.
ഇയാളെ പൊലീസ് നേരത്തെ അന്വേഷണവിധേയമായി ചോദ്യം ചെയ്തിരുന്നു. ആ ഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എ.കെ.ജി സെന്ററിന് സമീപത്തുള്ള തട്ടുകടയിലെ ജീവനക്കാരനാണിയാള്‍.
ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇയാള്‍ അനുകൂല മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് താന്‍ പടക്കം എറിഞ്ഞായാളെ കണ്ടില്ലെന്ന് പറഞ്ഞതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
എന്നാല്‍ സാക്ഷിയുടെ ഇപ്പോഴത്തെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇത് കേസ് വഴിതിരിച്ച് വിടാനുള്ള നീക്കമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
‘ഡിയോ സ്‌കൂട്ടറില്‍ ഒരു വ്യക്തി വേഗത്തില്‍ വരുകയും, വേഗത്തില്‍ പോവുകയും ചെയ്തു’ എന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
സംഭവം നടന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനായില്ല എന്നത് പൊലീസിനെയും സി.പി.ഐ.എം നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ജൂണ്‍ 30 രാത്രി 11.24നാണ് എ.കെ.ജി സെന്ററിന്റെ രണ്ടാമത്തെ കവാടത്തിലേക്ക് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. ബൈക്കില്‍ ഒറ്റക്ക് വന്ന ഇയാള്‍ വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സി.പി.ഐ.എം ആരോപിച്ചത്.
സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് എ.കെ.ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത് എന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ പിടിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.