| Wednesday, 19th January 2022, 12:36 pm

സോഷ്യല്‍ മീഡിയയില്‍ പടര്‍ന്ന് 'അവള്‍ക്കൊപ്പം' ഹാഷ്ടാഗ്; കന്യാസ്ത്രീക്ക് കത്തെഴുതി ഗീതു മോഹന്‍ദാസും പാര്‍വതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ആഴ്ച ഇതേ ദിവസമാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നുമുണ്ടായത്. വിധി പ്രതികൂലമായെങ്കിലും ഇരയ്ക്കും ഒപ്പം സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകള്‍ക്കും വലിയ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ കന്യാസ്ത്രീയെ പിന്തുണച്ചുകൊണ്ട് #അവള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്. കന്യാസ്ത്രീക്ക് പിന്തുണ അറിയിയിച്ച് കത്തെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ഹാഷ്ടാഗ് വൈറലാവുന്നത്.

‘അവരെ പിന്തുണക്കാന്‍, അവര്‍ തനിച്ചല്ലെന്ന് അറിയിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും? ആ ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത്. അവര്‍ക്ക് കത്തെഴുതുക. നമ്മള്‍ കൂടെയുണ്ടെന്ന്, ഈ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക.

സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയില്‍ ഐ.ഡി യിലേക്ക് അയക്കാം .ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കള്‍ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തില്‍ എത്തിക്കും. നമ്മുടെ വാക്കുകള്‍, നമ്മുടെ ഉറപ്പുകള്‍, നമ്മുടെ ചേര്‍ത്ത് പിടിക്കല്‍ അവര്‍ക്കിപ്പോള്‍ വളരെ ആവശ്യമാണ്. ഞാന്‍ അയച്ച കത്ത് ഇവിടെ ചേര്‍ക്കുന്നു. നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേര്‍ത്ത് നിങ്ങളുടെ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ,’ കുറിപ്പില്‍ പറയുന്നു.

കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായികമാരായ ഗീതു മോഹന്‍ദാസ്, ലീന മണി മേഖല, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, നടി പാര്‍വതി തിരുവോത്ത് തുടങ്ങിയ പ്രമുഖര്‍ കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അവള്‍ക്കൊപ്പം ഹാഷ്ടാഗിന്റെ കൂടെ പ്രചരിക്കുന്ന കുറിപ്പ്

പ്രിയപ്പെട്ടവരേ ,
കഴിഞ്ഞ ആഴ്ച ഇതേ സമയമാണ് ആ കോടതി വിധി വന്നത്. സ്ത്രീകളുടെ പോരാട്ടങ്ങളെ തളര്‍ത്തുന്ന, നമ്മളെയൊക്കെ നിരാശയിലേക്ക് തള്ളിവിട്ട ആ വിധി. അന്നേ ദിവസം കോട്ടയത്ത് പോയി ആ കന്യാസ്ത്രീയെ – അവര്‍ക്ക് വേണ്ടി പോരാടിയ ആ അഞ്ച് കന്യാസ്ത്രീകളെയും-ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങള്‍ക്ക്? എനിക്ക് തോന്നി. പക്ഷേ നമുക്ക് അത് കഴിയില്ലല്ലോ, അപ്പോള്‍ അവരെ പിന്തുണക്കാന്‍, അവര്‍ തനിച്ചല്ലെന്ന് അറിയിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?

ആ ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത്. അവര്‍ക്ക് കത്തെഴുതുക. നമ്മള്‍ കൂടെയുണ്ടെന്ന്, ഈ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക. സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയില്‍ ഐഡി യിലേക്ക് അയക്കാം. ഈ ഐ.ഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കള്‍ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തില്‍ എത്തിക്കും.

നമ്മുടെ വാക്കുകള്‍, നമ്മുടെ ഉറപ്പുകള്‍, നമ്മുടെ ചേര്‍ത്ത് പിടിക്കല്‍ അവര്‍ക്കിപ്പോള്‍ വളരെ ആവശ്യമാണ്. ഞാന്‍ അയച്ച കത്ത് ഇവിടെ ചേര്‍ക്കുന്നു. നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേര്‍ത്ത് നിങ്ങളുടെ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ.

കാരണം അവര്‍ തോല്‍ക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. നമ്മുടേത് കൂടിയാണ്. നമുക്ക് കൂടി വേണ്ടിയാണ് അവര്‍ പൊരുതുന്നത്. solidarity2sisters@gmail.com എന്ന ഐഡി യിലേക്ക് എഴുതൂ. നിങ്ങള്‍ കൂടെയുണ്ടെന്ന് അവരെ അറിയിക്കൂ

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: #withthnun became viral in socailmedia

We use cookies to give you the best possible experience. Learn more