| Saturday, 5th June 2021, 4:27 pm

ഒരു തുള്ളിപോലും പാഴാക്കാതെ ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കി കേരളം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു തുള്ളിപോലും പാഴാക്കാതെ സംസ്ഥാനത്ത് ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

വെള്ളിയാഴ്ചവരെ 1,00,13186 ഡോസ് വാക്സിന്‍ ആണ് സംസ്ഥാനത്ത് നല്‍കിയത്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്സുമാര്‍ ഒരു തുള്ളി പോലും വാക്സിന്‍ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.

45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങിനെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത് ?

ഒരു വാക്സിന്‍ വയലിനകത്ത് പത്ത് ഡോസ് വാക്സിനായിരിക്കും ഉണ്ടാവുക. ഇത് ആറുമണിക്കൂറിനുള്ളിലാണ് ഉപയോഗിക്കേണ്ടത്. ഒരു വാക്സിന്‍ വയലില്‍ 5 മില്ലി വാക്സിന്‍ ആണ് ഉണ്ടാവുക.

ഒരു ഡോസിന് വേണ്ടത് 0.5 മില്ലിയാണ്. ഒരോ വയലിലും വാക്സിന്‍ എടുക്കുമ്പോള്‍ ഉള്ള വേസ്റ്റേജ് കണക്കാക്കി 0.5 മില്ലിയുടെ ഒരു എക്സ്ട്ര വാക്സിന്‍ ഉണ്ടാവും. ഇത് കൃത്യമായ പ്ലാനിങ്ങോടെ ഒരു തുള്ളി പോലും കളയാതെ അധികം വന്ന ഈ ഡോസ് ഒരു പുതിയ വ്യക്തിക്ക് കേരളം ഉപയോഗിച്ചു.

ഇത്തരത്തിലാണ് കേരളം എക്സ്ട്രാ ഡോസുകള്‍ ഉപയോഗിച്ചത്. ഇതേസമയം മറ്റു സംസ്ഥാനങ്ങളില്‍ വാക്സിന്‍ പാഴാക്കിയത് വലിയ രീതിയിലാണ്. തമിഴ്നാട്ടിലാണ് ഏറ്റവും വലിയ രീതിയില്‍ കൊവിഡ് വാക്സിന് പാഴാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

without wasting a single drop Kerala gived over one crore doses of vaccine ; Minister congratulates health workers

We use cookies to give you the best possible experience. Learn more