| Sunday, 27th December 2020, 7:23 pm

ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ വിള്ളല്‍; എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതിലും ലൗ ജിഹാദ് നിയമത്തിലും അതൃപ്തി പരസ്യമാക്കി ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: അരുണാചലില്‍ ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ ഭിന്നത പരസ്യമാകുന്നു. ജെ.ഡി.യു ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ആര്‍.സി.പി സിംഗും മുതിര്‍ന്ന നേതാവ് കെ.സി ത്യാഗിയും ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തി.

‘കൂടെ നില്‍ക്കുന്നവരെ കൈ പിടിച്ചയുര്‍ത്തുന്ന പാരമ്പര്യമാണ് ജെ.ഡി.യുവിനും നിതീഷിനുമുള്ളത്. നമ്മള്‍ ആര്‍ക്കെതിരേയും ഗൂഢാലോചന നടത്തില്ല. ആരേയും ചതിക്കില്ല’, ആര്‍.സി.പി സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം കൊണ്ടുവന്ന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടിയെ കെ.സി ത്യാഗി വിമര്‍ശിച്ചു. രാജ്യത്ത് ലൗ ജിഹാദിന്റെ പേരില്‍ വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ത്യാഗി പറഞ്ഞു.

കേന്ദ്രമന്ത്രിസഭയില്‍ ആനുപാതികമായ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം നേരത്തെ ആര്‍.സി.പി സിംഗിനെ അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു.

നിതീഷിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആര്‍.സി.പി സിംഗ്.

2019 ല്‍ മൂന്നു വര്‍ഷത്തേക്ക് നിതീഷിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയസമവാക്യങ്ങളാണ് അധ്യക്ഷസ്ഥാനത്തേക്ക് ആര്‍.സി.പി സിംഗിനെ അവരോധിക്കുന്നതിന് പിന്നില്‍.

ഇതുവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു ആര്‍.സി.പി സിംഗ്. നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയും 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്നു.

അധ്യക്ഷനായതോടെ എന്‍.ഡി.എ യോഗത്തില്‍ ഇനി സിംഗായിരിക്കും പങ്കെടുക്കുക. അരുണാചലില്‍ ആകെയുള്ള ഏഴ് എം.എല്‍.എമാരില്‍ ആറ് പേരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ജെ.ഡി.യുവിന് വലിയ ക്ഷീണമായിട്ടുണ്ട്.

ബീഹാറില്‍ വീണ്ടും ഭരണം കിട്ടിയെങ്കിലും ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായതും ജെ.ഡി.യുവിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Without naming BJP, JD(U) chief RCP Singh says we don’t betray allies, KC Tyagi criticises ‘love jihad’ laws

We use cookies to give you the best possible experience. Learn more