തിങ്കളാഴ്ച ലീഗ് വണ്ണിലെ മത്സരത്തിൽ ലെൻസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് പി.എസ്.ജി വഴങ്ങിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പി.എസ്.ജിയെ ലെൻസ് തകർത്തെറിഞ്ഞു.
ഫ്രാങ്കോവ്സ്കി, ലൂയിസ് ഓപ്പെണ്ട, അലക്സിസ് മൗറിസ് എന്നിവർ ലെൻസിനായി ഗോളുകൾ നേടിയപ്പോൾ ഹ്യൂഗോ എക്കിത്കെയായിരുന്നു പി.എസ്. ജിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.
നെയ്മർ, മെസി മുതലായ സൂപ്പർ താരങ്ങൾ ഇല്ലാതെയായിരുന്നു പി.എസ്.ജി മത്സരത്തിനിറങ്ങിയത്.
സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിൽ ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡുകൾ വഴങ്ങി മത്സരത്തിന് പുറത്ത് പോകേണ്ടി വന്നതാണ് നെയ്മർക്ക് ലെൻസിനെതിരെയുള്ള മത്സരം കളിക്കാൻ സാധിക്കാതിരുന്നതിന് കാരണം.
മെസി ലെൻസിനെതിരെയുള്ള മത്സരത്തിൽ ടീമിനൊപ്പം എത്തിച്ചേർന്നിട്ടുമില്ലായിരുന്നു.
എന്നാൽ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ രൂക്ഷ വിമർശനങ്ങളാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് നേരെ ഉയർന്ന് വരുന്നത്. മെസിയും നെയ്മറും ഇല്ലെങ്കിൽ എംബാപ്പെക്ക് പി.എസ്.ജിയിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ് ഒരു വിഭാഗം പി.
എസ്.ജി ആരാധകരുടെ വാദം. സോഷ്യൽ മീഡിയയിലൂടെ അവർ എംബാപ്പെക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എംബാപ്പെക്ക് തന്റെ പ്രതിഭയും ഗോളടി മികവും തെളിയിക്കാനുള്ള ഒരു സുവർണാവസരം എന്നായിരുന്നു ലെൻസിനെതിരെയുള്ള മത്സരത്തെ ആരാധകരും ഫുട്ബോൾ വിദഗ്ധരും കണക്കാക്കിയിരുന്നത്.
ലെൻസിനെതിരെ നടക്കുന്ന മത്സരത്തിൽ മെസി-എംബാപ്പെ-നെയ്മർ ത്രയത്തിൽ നിന്നും എംബാപ്പെ മാത്രമേ കളിക്കാൻ ഉണ്ടായിരുന്നത് കൊണ്ട് പി.എസ്.ജിയുടെ മുഖം ആയി മാറാൻ എംബാപ്പെ നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ താരം മികച്ച പ്രകടനം കാഴ്ചവെക്കും എന്നായിരുന്നു ആരാധക പ്രതീക്ഷ.