ഫ്രഞ്ച് കപ്പിലെ ഡെർബി മത്സരത്തിൽ പി. എസ്.ജിയെ തകർത്ത് മാഴ്സെ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് നടത്തിയിരുന്നു.
അലക്സിസ് സാഞ്ചെസും റുസ് ലാൻ മലിനോവിസ്കിയും മാഴ്സെയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയപ്പോൾ, സെർജിയോ റാമോസാണ് പാരിസ് ക്ലബ്ബിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.
ഡെർബി മാച്ചിൽ തോറ്റ് പുറത്തായതോടെ വലിയ വിമർശനങ്ങളാണ് ആരാധകർ ക്ലബ്ബ് മാനേജ്മെന്റിനെതിരെയും പ്ലെയേഴ്സിനെതിരെയും ഉയർത്തുന്നത്.
മത്സരത്തിൽ എംബാപ്പെ പി.എസ്.ജി സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല. പരിക്കിനെത്തുടർന്ന് മൂന്നാഴ്ച വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന എംബാപ്പെക്ക് ചാമ്പ്യൻസ് ലീഗിലെ ബയേണിനെതിരെയുള്ള ആദ്യ പാദ പ്രീ ക്വാർട്ടർ ഉൾപ്പെടെ നഷ്ടപ്പെടും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം എംബാപ്പെയാണ് പി.എസ്.ജിയുടെ ചാലക ശക്തിയെന്നും താരമില്ലെങ്കിൽ ക്ലബ്ബുമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയോല.ഒരേയൊരു എംബാപ്പെയേ ഉള്ളുവെന്നും അദ്ദേഹമാണ് പി.എസ്.ജിയെ തന്റെ ചുമലിലേറ്റുന്നതെന്നും കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു.
ലെ ടെൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെയെക്കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്ന് പറഞ്ഞത്.
“എംബാപ്പെ പി.എസ്.ജിയുടെ മുൻ നിര ആയുധമാണ്. ഒരേയൊരു എംബാപ്പെയെ ഫുട്ബോളിലുള്ളൂ. പക്ഷെ ആളുകൾ അദ്ദേഹത്തിന്റെ വില ശരിയായി മനസിലാക്കിയിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. എന്നാലും അതാണ് സത്യം, ഇവിടെ ഒരേയൊരു എംബാപ്പെ മാത്രമേയുള്ളൂ, അദ്ദേഹമാണ് പി.എസ്.ജിയെ തന്റെ ചുമലിലേറ്റുന്നത്,’ റയോല പറഞ്ഞു.
“മെസിയും നെയ്മറും അവിടെയുണ്ട്, പക്ഷെ എംബാപ്പെയാണ് പി.എസ്.ജിയെ നയിക്കേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു,’
ഈ സീസണിലെ 26 മത്സരങ്ങളിൽ നിന്നും 25 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെ സ്വന്തമാക്കിയത്. മെസി 25 മത്സരങ്ങളിൽ നിന്നും 15 ഗോളും 14 അസിസ്റ്റും നെയ്മർ 26 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കി.
എന്നാൽ ഈ സീസൺ അവസാനിക്കുന്നതോടെ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസി ക്ലബ്ബ് വിടും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നെയ്മറും ക്ലബ്ബ് വിടുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.