| Tuesday, 22nd September 2020, 8:37 am

ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കണം; ആവശ്യം മാനുഷിക ക്ഷേമത്തിലൂന്നിയ നടപടിയെന്ന് നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ആത്മവിശ്വാസ പ്രതിസന്ധി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നവീനമായ ഒരു ബഹുരാഷ്ട്രവാദം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാനുഷിക ക്ഷേമവും, പുതിയ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തിയുമുള്ള പരിഷ്‌കരണമാണ് ഇനി ഐക്യരാഷ്ട്ര സഭയില്‍ നടപ്പിലാക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

”പരിഷ്‌കരിക്കാത്ത ഘടന ഉപയോഗിച്ച് നമുക്ക് ഇന്നത്തെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. സമഗ്രമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭ ആത്മവിശ്വാസക്കുറവ് നേരിടും.” ഐക്യരാഷ്ട്ര സഭയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു മോദിയുടെ പരാമര്‍ശം.

ഐക്യരാഷ്ട്ര സഭ നമ്മുടെ ലോകത്തെ കൂടുതല്‍ മികച്ചതാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ബഹുരാഷ്ട്രവാദം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ നോണ്‍പെര്‍മനന്റ് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാജ്യത്ത് വലിയ രീതിയില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ചത്. വിവാദമായ കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കര്‍ഷക പ്രതിഷേധം രാജ്യത്തെമ്പാടും ശക്തമായിരിക്കുകയാണ്. അതേസമയം ചരിത്രപരമായ തീരുമാനമെന്നാണ് പ്രധാനമന്ത്രി ഫാം ബില്ലിനെ വിശേഷിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Without Comprehensive Reforms, UN Faces “Crisis Of Confidence”: PM Modi

We use cookies to give you the best possible experience. Learn more