കാസര്‍ഗോഡ്: അജ്മാനില്‍ കളിയാട്ട മഹോത്സവം സംഘടിപ്പിച്ച കലാകാരന്മാരെ വിലക്കണമെന്ന് ആഹ്വാനം.
ക്ഷേത്രമില്ലാതെ തെയ്യം കെട്ടിയാടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കലാകാരന്മാര്‍ക്കെതിരായ ഉപരോധ ആഹ്വാനം. ദിനപത്രമായ കേരള കൗമുദിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഗള്‍ഫിലെ കളിയാട്ടം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോലധാരികളുടെ സംഘടനകളും വിഷ്ണുമൂര്‍ത്തി വെളിച്ചപ്പാടുകളും പറയുന്നത്.
നവംബര്‍ 24നാണ് യു.എയില്‍ കളിയാട്ട മഹോത്സവം നടന്നത്. ‘യു.എയില്‍ ആദ്യം’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു പരിപാടിയുടെ പോസ്റ്റര്‍.
കേന്ദ്ര-സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ ഏതാനും കോലധാരികള്‍ ചേര്‍ന്നാണ് കളിയാട്ടം നടത്തുന്നതെന്ന് പോസ്റ്ററില്‍ പറഞ്ഞിരുന്നു. ഇവരുടെ പേരുകള്‍ സഹിതമായിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് യു.എ.ഇയിലെ കളിയാട്ടത്തിനെതിരെ കെ. ബാലകൃഷ്ണന്‍ (പ്രസിഡന്റ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി, രാജന്‍ പെരിയ (പ്രസിഡന്റ്, ഉത്തര മലബാര്‍ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി, വേണു അയ്യങ്കാവ് (ജില്ലാ പ്രസിഡന്റ്, വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം) ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
തെയ്യം എന്ന അനുഷ്ഠാനത്തെ അവഹേളിച്ച് ഒരു സ്റ്റേജ് പരിപാടിയുടെ ലാഘവത്തോടെ അവതരിപ്പിച്ചവരെ ഭാവിയിൽ വിലക്കണമെന്നാണ് കെ. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. പണത്തിനും പ്രശസ്തിക്കും വേണ്ടി തെയ്യങ്ങളെ നാടുകടത്തിയത് അംഗീകരിക്കില്ലെന്നാണ് രാജന്‍ പെരിയ പറഞ്ഞത്.
വിശ്വാസികളെ മുഴുവന്‍ നോക്കുകുത്തികളാക്കി തെയ്യങ്ങളെ വിദേശത്തേക്ക് വലിച്ചിഴക്കാന്‍ ആരാണ് ഇവര്‍ക്കൊക്കെ അനുവാദം നല്‍കിയതെന്നാണ് വേണു ചോദിച്ചത്.
അതേസമയം 24ന് പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തിയതിന് ശേഷമാണ് തെയ്യങ്ങള്‍ അരങ്ങിലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടിലെ ആരാധനാലയങ്ങളില്‍ നടക്കുന്ന അതേ ചടങ്ങുകളോട് കൂടിയാണ് തെയ്യം കെട്ടിയാടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിന്നേഴ്‌സ് സ്പോര്‍ട്‌സ് ക്ലബ്ബിലാണ് തെയ്യാട്ടം നടന്നത്. വടക്കേമലബാറുകാരുടെ പ്രധാന തെയ്യങ്ങളില്‍ ഉള്‍പ്പെടുന്ന ‘കടവാങ്കോട്ട് മാക്കവും മക്കളും’ ആണ് അജ്മാനില്‍ കെട്ടിയാടിയത്. യു.എ.ഇ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
ഇ.പി. നാരായണപെരുവണ്ണാന്‍, ബാലകൃഷ്ണ പെരുമലയന്‍, കുഞ്ഞിരാമപ്പണിക്കര്‍, അര്‍ജുനന്‍, പുരുഷോത്തമന്‍, രാജന്‍, പ്രകാശന്‍, വിജേഷ്, ചന്ദ്രന്‍, ഷൈജു, പ്രസൂണ്‍, ബിജു, ജയരാജന്‍, പ്രേമരാജന്‍ എന്നിവരാണ് അജ്മാനില്‍ തെയ്യം കെട്ടിയാടിയത്.
ഒന്നിലധികം തെയ്യങ്ങള്‍ കെട്ടിയാടിയതിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് ഇ.പി. നാരായണപെരുവണ്ണാന്‍. ഇദ്ദേഹമായിരുന്നു കളിയാട്ട മഹോത്സവത്തിലെ മുഖ്യ കോലധാരി. കളിയാട്ടത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. യു.എ.ഇ. സംഘാടകസമിതിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
Content Highlight: Without a temple, Theyyam was tied up in Ajman; Call for artists to be banned