| Tuesday, 26th November 2024, 9:03 pm

രണ്ട് വര്‍ഷത്തിനുള്ളില്‍ ഗസയിലെ പകുതി ആളുകളും സ്വയം കുടിയിറങ്ങും; ഗസയെ പിടിച്ചടക്കും: ഇസ്രഈല്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ സൈന്യം അധിനിവേശം ശക്തമാക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഇസ്രഈല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഗസയിലെ പകുതി ജനങ്ങളേയും ഒഴിപ്പിക്കുമെന്നാണ് സ്‌മോട്രിച്ച് അവകാശപ്പെട്ടിരിക്കുന്നത്.

ഇസ്രഈലികള്‍ കുടിയേറ്റം നടത്തി അവരെ ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് പകരം അവര്‍ സ്വമേധയായി ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടാക്കുമെന്നാണ് സ്‌മോട്രിച്ച് പറഞ്ഞത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി സെറ്റില്‍മെന്റുകളുടെ മേല്‍നോട്ടം വഹിക്കുന്ന യെഷാ കൗണ്‍സിലിന്റെ യോഗത്തില് സംസാരിക്കവെയാണ് സ്‌മോട്രിച്ച് ഇക്കാര്യം പറഞ്ഞത്. ഗസ സ്ട്രിപ്പിനെ നമുക്ക് പിടിച്ചടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

‘തൊഴിലിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആരും ഭയപ്പെടേണ്ടതില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗസയില്‍ നിലവിലെ ജനസംഖ്യ നിലവിലുള്ളതിനേക്കാള്‍ പകുതിയില്‍ താഴെ മാത്രമുള്ള ഒരു സാഹചര്യം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ഗസയില്‍ നിന്ന് ഫല്‌സതീനികള്‍ സ്വയം ഒഴിഞ്ഞുപോകും. ഗസയും വെസ്റ്റ് ബാങ്ക് പോലെയാകും,’ സ്‌മോട്രിച്ച് പറഞ്ഞു.

നിരന്തരം തീവ്രവലതുപക്ഷ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച മന്ത്രിയാണ് ഇദ്ദേഹം. ഗസയുടെ നിയന്ത്രണം പൂര്‍ണമായും ഇസ്രഈല്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരണമെന്നും അവിടെ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കണമെന്നും സ്‌മോട്രിച്ച് ഇതിന് മുമ്പെയും ആവശ്യപ്പെട്ടിരുന്നു.

വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അനധികൃത കുടിയേറ്റങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രതിരോധ മന്ത്രാലയത്തില്‍ സ്‌മോട്രിച്ചും അംഗമാണ്‌.

വടക്കന്‍ ഗസയില്‍, ഇസ്രഈല്‍ വംശഹത്യ നടത്തുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇസ്രഈല്‍ മന്ത്രിയുടെ പരമാര്‍ശം വരുന്നത്. നിലവില്‍ ഗസയില്‍ നിന്ന് ഫലസ്തീനികളെ ബലമായി പുറത്താക്കുന്നതായും അവശേഷിക്കുന്നവരെ കൊല്ലുകയോ പട്ടിണിക്കിടുകയോ ചെയ്യുന്നതായും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Within two years, half of Gaza’s people will be displaced themselves; Gaza will be occupied; Minister of Israel

We use cookies to give you the best possible experience. Learn more