ഫിലിം റിവ്യൂകൾ സിനിമകളുടെ വില നിർണയിക്കുന്ന കാലമാണ്. ഇന്ന് സിനിമകൾ കാണപ്പെടുന്നത് റിവ്യൂകളുടെ അടിസ്ഥാനത്തിലാണ്. ഈയിടെ തിയേറ്റർ റിവ്യൂ തല്ലിക്കെടുത്താൻ ശ്രമിച്ച വിത്തിന് സെക്കൻഡ്‌സ് എന്ന സിനിമയെപ്പറ്റിയും റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്ക് (ആറാട്ടണ്ണൻ) നേരെ അക്രമം ഉണ്ടായതിനെപ്പറ്റിയും സംസാരിക്കുകയാണ് ചിത്രത്തിലെ താരങ്ങൾ.
സന്തോഷ് വർക്കിയെ താൻ അക്രമിച്ചിട്ടില്ലെന്ന് നടൻ സെബിൻ പറഞ്ഞു. സിനിമ കാണാതെയാണ് സന്തോഷ് റിവ്യൂ പറഞ്ഞതെന്നും അത് വളരെ മോശമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ മറ്റ്താരങ്ങളായ സാന്റിനോ മോഹൻ, അനു നായർ, ബാജിയോ ജോർജ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.
‘ഒരു സിനിമക്ക് നല്ല വശവും ചീത്ത വശങ്ങളും ഉണ്ടാകും. പലർക്കും അതിനെപ്പറ്റി പല അഭിപ്രായങ്ങളുമാണ്. പക്ഷെ ഒരു സിനിമ കണ്ടിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. അല്ലാതെ ഒരു പത്ത് മിനിറ്റ് മാത്രം കണ്ടിട്ട് മോശം അഭിപ്രായം പറയരുത്. കാരണം ഈ പറയുന്ന ആളുകൾക്കൊന്നും ഇതിന് പിന്നിലെ കഷ്ടപാടുകൾ അറിയില്ല. എത്ര മോശം ചിത്രമാണെങ്കിലും അത് മോശമാണെന്ന് പറയുക തന്നെ ചെയ്യാം. പക്ഷെ ഇത്രയും നേരം മാത്രം തിയേറ്ററിൽ ഇരുന്നയാൾ അഭിപ്രായം പറയുമ്പോൾ സോഷ്യൽ മീഡിയ വഴി ആളുകൾ അത് അറിയും. അവർ സിനിമകൾ കാണാൻ വരാതെയാകും,’ ബാജിയോ ജോർജ് പറഞ്ഞു.
പത്ത്മിനിറ്റ് പോലും ചിത്രം കാണാത്ത ആൾ നടൻ ഇന്ദ്രന്സിനെപോലും മോശം അഭിപ്രായമാണ് പറഞ്ഞതെന്ന് നടി അനു പറഞ്ഞു.
‘അഭിപ്രായങ്ങൾ പറയുന്നത് നല്ലത്താണ്. സന്തോഷ് വർക്കി ചിത്രം കാണാൻ പത്ത് മിനിറ്റ് പോലും ഇരുന്നില്ല. കൂടാതെ ഇന്ദ്രൻസ് ചേട്ടനെ പറ്റി പോലും മോശം അഭിപ്രായമാണ് പറഞ്ഞത്. ഒരു സെക്കൻഡിൽ അയാൾ എല്ലാവരുടെയും സ്വപ്നമാണ് തകർത്തത്,’ അനു പറഞ്ഞു.
താൻ സന്തോഷ് വർക്കിയെ തല്ലിയിട്ടില്ലെന്നും വലിക്കുകയെ ചെയ്തിട്ടുള്ളുവെന്നും നടൻ സെബിൻ പറഞ്ഞു.
‘ഞാൻ ആറാട്ടണ്ണനെ വലിച്ചിട്ടേയുള്ളു. പിന്നെ വീഡിയോയിൽ കാണിക്കുന്നത് പുള്ളി താടിക്ക് കൈകൊടുത്തിരിക്കുന്ന സീനാണ്. ആളുകൾ വിചാരിച്ചത് തല്ലിയെന്നാണ്. പത്തുമിനിറ്റ് പോലും പുള്ളി സിനിമ കണ്ടിട്ടില്ല. എന്നിട്ട് ഇങ്ങനെ പറയുമ്പോൾ നല്ല വിഷമം ഉണ്ടായി. ഇന്ദ്രൻസ് ചേട്ടനും പുതിയതായി വന്ന പിള്ളേരുമെല്ലാം മോശമായിട്ടാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് അയാൾ പറഞ്ഞത്. അത് മനാസികമായി വളരെ വിഷമമുണ്ടാക്കി,’ സെബിൻ പറഞ്ഞു.
Content Highlights: Within Seconds movie team on Santhosh Varkey