24 മണിക്കൂറിനുള്ളില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തുടനീളമായി നടന്ന ആറ് ലൈംഗികാതിക്രമങ്ങള്‍
national news
24 മണിക്കൂറിനുള്ളില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തുടനീളമായി നടന്ന ആറ് ലൈംഗികാതിക്രമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 10:41 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ലൈംഗികാതിക്രമം നേരിടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഓരോ ദിവസവും രാജ്യത്തുടനീളമായി നടന്ന നിരവധി ലൈംഗികാതിക്രമങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥികളും നേരിട്ട ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആറ് കേസുകളാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ദ്രുവ് റാഠിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്. ‘ഹൃദയഭേദകം’ എന്ന് ചൂണ്ടിക്കാട്ടിയാണ് ദ്രുവ് റാഠി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അരിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ 35 കാരനെ അറസ്റ്റ് ചെയ്ത സംഭവമാണ് ഒന്നാമത്തേത്. വെള്ളിയാഴ്ചയാണ് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്കെതിരായ അതിക്രമം നടന്നത്.

25 കാരിയായ യുവതിയെ, പ്രതി ഭക്ഷണം നല്‍കി പ്രലോഭിപ്പിക്കുകയും വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് യുവതിയെ കുടുംബാംഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.

ശനിയാഴ്ച, ബെംഗളൂരുവില്‍ 21 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്ക് യാത്രികന്‍ പീഡിപ്പിച്ച കേസാണ് രണ്ടാമത്തേത്. ബെംഗളൂരുവിലെ സെക്ടര്‍-7ല്‍ എച്ച്.എസ്.ആര്‍ ലേഔട്ടിലെ രാജീവ് ഗാന്ധി നഗറിലാണ് സംഭവം നടന്നത്. കോറമംഗലയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഹൊസൂര്‍ റോഡിലെ ചന്ദാപുര പ്രദേശത്തെ താമസ സ്ഥലത്തേക്ക് മടങ്ങവെയാണ് യുവതി ആക്രമിക്കപ്പെട്ടത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 64 പ്രകാരം കേസെടുത്തു. പൊലീസ് പറയുന്നത് അനുസരിച്ച് യുവതിയെ ആക്രമിച്ചതിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ഞായറാഴ്ച ഉത്തരാഖണ്ഡില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവമാണ് മൂന്നാമത്തേത്. ഡെറാഡൂണിലെ ഉത്തരാഖണ്ഡ് റോഡ്വെ ബസില്‍ വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ 70 (2), പോക്‌സോ നിയമത്തിലെ 5ജി/6 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭഗവാന്‍പൂരില്‍ നിന്നുള്ള ബസ് ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. അതേ ബസിലെ മറ്റൊരു ഡ്രൈവര്‍, ക്ലീനര്‍, സ്വീപ്പര്‍, കാഷ്യര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ചതിന് പിന്നാലെ എട്ടാം ക്ലാസുകാരി മരിച്ച കേസാണ് നാലാമത്തേത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടി 20 ദിവസത്തോളം ചികിത്സയിലായിരുന്നു. സോന്‍ഭദ്ര ജില്ലയിലെ ഡുദ്ധി ഗ്രാമത്തില്‍ വെച്ചാണ് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്.

കേസിലെ പ്രതിയായ അധ്യാപകന്‍ വിശംബര്‍ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ അധ്യാപകന്‍ 30000 രൂപ വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിക്കുകയും ചെയ്തു.

യു.പിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസാണ് അഞ്ചാമത്തേത്. ശനിയാഴ്ച 17 വയസുള്ള മകളെ പിതാവ് വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് യു.പി പൊലീസ് വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പ്രതിക്കെതിരെ പരാതി നല്‍കിയതായി സര്‍ക്കിള്‍ ഓഫീസര്‍ അഞ്ജനി കുമാര്‍ ചതുര്‍വേദി അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ മകളെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. കാര്യം ചോദിച്ചപ്പോള്‍ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഓടിപ്പോയെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിന് 69കാരനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ആറാമത്തെ കേസ്. ബിയോഹാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വീട്ടില്‍ തനിച്ചായിരുന്ന പതിനാറുകാരിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബിയോഹാരി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ പാണ്ഡെ പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം പുറത്തുവരുന്നത്. ഓഗസ്റ്റ് ഒമ്പതിനാണ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Content Highlight: Within 24 hours, NDTV reported six incidents of violence against girls across the country