തിരുവനന്തപുരം: 18 മാസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ഇ.ബിയും സ്മാര്‍ട്ട് സിറ്റി അധികൃതരുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ യാതൊരു കാലതാമസവും വരില്ല. ഒരു ദിവസത്തെപ്പോലും കാലതാമസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് ഇനിയും ആവശ്യമുള്ളത്. ഇത് ഏത് സമയത്തും കിട്ടാവുന്ന സ്ഥിതിയിലാണ്. പദ്ധതിക്ക് ആവശ്യമായ മറ്റ് അനുമതികള്‍ ലഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മന്ത്രിസഭ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.