ന്യൂദല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പത്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്തയച്ച് ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍.
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചത് 1947ല്‍ അല്ല മറിച്ച് 2014ലാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.
മഹാത്മാഗാന്ധിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷിത്വത്തെയും ആയിരക്കണക്കിന് ആളുകളുടെ ത്യാഗത്തിലൂടെ നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും അനാദരിച്ച കങ്കണക്ക് അവാര്‍ഡല്ല മറിച്ച് ചികിത്സയാണ് നല്‍കേണ്ടതെന്നും മലിവാള്‍ പറഞ്ഞു.
കങ്കണയുടെ ഈ പ്രസ്താവന ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും, കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും മലിവാള്‍ കത്തില്‍ പറയുന്നു.
കങ്കണയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി കേസെടുക്കണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു.
സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ കങ്കണ പതിവായി വിഷം ചീറ്റുകയാണെന്നും, തന്നെ അംഗീകരിക്കാത്തവരെ ആക്രമിക്കാന്‍ മോശമായ വാക്കുകള്‍ നിരന്തരം ഉപയോഗിക്കുകയാണെന്നും മലിവാള്‍ പറയുന്നു.
അതോടൊപ്പം, രാജ്യത്തെ പരമോന്നത ബഹുമതി നേടിയ ഒരു വ്യക്തിക്ക് ഒരു തരത്തിലും യോജിക്കാത്ത പെരുമാറ്റമാണ് കങ്കണയുടേതെന്നും, കങ്കണയ്ക്ക് പുരസ്‌കാരം നല്‍കുന്നത് ഇതിന് മുന്‍പ് പുരസ്‌കാരം ലഭിച്ച മഹത്‌വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മലിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി മാപ്പ് പറയാമെന്നും കങ്കണ പറഞ്ഞു.