| Thursday, 21st May 2020, 7:45 pm

ആ പരാതി തന്നത് ബി.ജെ.പിക്കാരനല്ലേ; സോണിയ ഗാന്ധിയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് യെദിയൂരപ്പയോട് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു:കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കര്‍ണാടകയിലെ ഷിമോഗയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ രാഷ്ട്രീയപ്രേരിതമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സോണിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് ഡി.കെ ശിവകുമാര്‍ കത്തയച്ചു.

പി.എം കെയറിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബുധനാഴ്ചയാണ് സോണിയയ്‌ക്കെതിരെ കേസെടുത്തത്. കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകനാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനവുമില്ലാത്ത പരാതി ഉന്നയിച്ചെന്നാണ് പരാതി.

എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും രാഷ്ട്രീയനേട്ടം മുന്നില്‍ക്കണ്ട് ദുഷ്ടലാക്കോടെയുള്ള പരാതിയാണിതെന്നും ഡി.കെ പറഞ്ഞു. പരാതിക്കാരന്‍ ബി.ജെ.പിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സോണിയ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ഇത് തെറ്റായി വ്യാഖ്യാചനിച്ച് ബി.ജെ.പി നേതൃത്വത്തിന്റെ പ്രേരണയിലാണ് പ്രവീണ്‍ കുമാര്‍ പരാതി നല്‍കിയത്. ഇത് നിര്‍ഭാഗ്യകരമായിപ്പോയി’, ഡി.കെ പറഞ്ഞു.

സോണിയയ്‌ക്കെതിരെ കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ബി.ജെ.പിക്കാരനാണെന്ന് പരാതിക്കാരനും വെളിപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം കെയര്‍ നിധി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനില്‍ക്കുമ്പോഴെന്തിനാണ് മറ്റൊരു സംവിധാനം എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more