ഈ യുദ്ധത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും, നാടും പാടവും വിട്ടുപോരാടുന്ന കര്‍ഷകര്‍ക്കൊപ്പമോ മോദിയുടെ കുത്തകമുതലാളി ചങ്ങാതികള്‍ക്കൊപ്പമോ? രാജ്യത്തോട് രാഹുല്‍
farmers march
ഈ യുദ്ധത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും, നാടും പാടവും വിട്ടുപോരാടുന്ന കര്‍ഷകര്‍ക്കൊപ്പമോ മോദിയുടെ കുത്തകമുതലാളി ചങ്ങാതികള്‍ക്കൊപ്പമോ? രാജ്യത്തോട് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 3:06 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞ രാഹുല്‍ അന്നദാതാക്കളായ കര്‍ഷകര്‍ക്കൊപ്പമാണോ അതോ പ്രധാനമന്ത്രിയുടെ കുത്തക മുതലാളി സുഹൃത്തുക്കള്‍ക്കൊപ്പമാണോ എന്ന് തീരുമാനിക്കണമെന്നും രാജ്യത്തോട് ആവശ്യപ്പെട്ടു.

” രാജ്യത്തെ കര്‍ഷകര്‍ അവരുടെ വീടും പാടവും ഉപേക്ഷിച്ച് കൊടുംതണുപ്പ് വകവെക്കാതെ കരിനിയമത്തിനെതിരെ ദല്‍ഹിയിലേക്ക് വന്നു. ഈ യുദ്ധത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും സത്യത്തിനൊപ്പമോ അസത്യത്തിനൊപ്പമോ, അന്നദാതാക്കളായ കര്‍ഷകര്‍ക്കൊപ്പമോ പ്രധാനമന്ത്രിയുടെ കുത്തക മുതലാളി സുഹൃത്തുക്കള്‍ക്കൊപ്പമോ?” രാഹുല്‍ ചോദിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. കര്‍ഷകരുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചു.
നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്”, സര്‍റെ ന്യൂട്ടന്‍ എം.പി സുഖ് ധാലിവാള്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights:  With whom do you stand in the battle of truth and untruth, asks Rahul Gandhi