സൂപ്പര്‍ താരം ട്രാവിസ് ഹെഡ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുകയാണെങ്കില്‍ ടോപ് ഓര്‍ഡറില്‍ തന്നെ ബാറ്റ് ചെയ്യുമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജോര്‍ജ് ബെയ്‌ലി.
ഇതോടെ ഇന്‍ ഫോം ബാറ്ററും പാകിസ്ഥാനെതിരെ സെഞ്ച്വറിയടിച്ച് ഡേവിഡ് വാര്‍ണറിനൊപ്പം റെക്കോഡ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുകയും ചെയ്ത മിച്ചല്‍ മാര്‍ഷിന് ഓപ്പണിങ്ങില്‍ സ്ഥാനം നഷ്ടമായേക്കും. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആയിരിക്കും മാര്‍ഷിന് ബാറ്റ് ചെയ്യാന്‍ അവസരമൊരുങ്ങുക.
‘ഉറപ്പായും അവന്‍ (ട്രാവിസ് ഹെഡ്) ബാറ്റിങ് ഓര്‍ഡറില്‍ മുകളിലെത്തും,’ ബെയ്‌ലി പറഞ്ഞു.
‘അവന്‍ ഞങ്ങളുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. അവിടെ തന്നെയായിരിക്കും അവന്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനമുണ്ടാവുക. അതിന് ശേഷമായിരിക്കും പ്ലെയിങ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുക. ആരെല്ലാമായിരിക്കും കളിക്കുന്നത്, എന്തായിരിക്കും ടീമിന് ആവശ്യമായത് എന്നെല്ലാം അതില്‍ ഉള്‍പ്പെടും,’ ബെയ്‌ലി പറഞ്ഞു.
ഇടതുകയ്യിലേറ്റ പൊട്ടലിന് പിന്നാലെ വിശ്രമത്തിലായിരുന്ന ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയയുടെ നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ച വരെ വിശ്രമം ആവശ്യമായി വരുന്ന പരിക്കാണത്. നാല് ആഴ്ചത്തെ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവന്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
എല്ലിനേറ്റ പൊട്ടല്‍ പൂര്‍ണമായും ഭേദമായിരിക്കുകയാണ്. എല്ലാം നന്നായി നടക്കുന്നു. ബാറ്റിങ് പരിശീലനം ആരംഭിച്ചതുമുതല്‍ കാര്യങ്ങള്‍ ശരിയായ വഴിക്ക് തന്നെയാണ് നീങ്ങുന്നത്.
എന്നാല്‍ വളരെ നേരത്തെ അവനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് കൊണ്ടുവന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത് എന്ന് ഉറപ്പിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം അവന്റെ തിരിച്ചുവരവാകുമെങ്കില്‍ അത് എന്തുകൊണ്ടും മികച്ചതായിരിക്കും. അല്‍പം വൈകിയാലും അതൊന്നും കുഴപ്പമില്ല,’ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ മുന്‍ ചാമ്പ്യന്‍മാര്‍ നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരുവേള പോയിന്റ് പട്ടികയില്‍ നെതര്‍ലന്‍ഡ്‌സിനും അഫ്ഗാനിസ്ഥാനും കീഴില്‍ പത്താം സ്ഥാനത്ത് തുടരേണ്ടി വന്ന ഓസ്‌ട്രേലിയ നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമാണ് ഓസീസിനുള്ളത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ 62 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നു. ഡേവിഡ് വാര്‍ണര്‍ – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടില്‍ പടുത്തുയര്‍ത്തിയ 367 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 305 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
Content Highlight: With Travis Head returning to the squad, Mitchell Marsh could lose his opening spot, reports say