ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. മഹേന്ദ്ര നാഥ് പാണ്ഡേ തന്നെ കള്ളനെന്നു വിളിച്ചപമാനിച്ചത് താന്‍ ദളിതായതു കൊണ്ടാണെന്ന് സഖ്യകക്ഷി എം.എല്‍.എ. അജ്ഗാര എം.എല്‍.എ കൈലാഷ് സോന്‍കറാണ് പാണ്ഡേയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ എം.എല്‍.എയാണ് സോന്‍കര്‍.
വാരണാസി, ചന്ദൗലി ജില്ലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തറക്കല്ല് പാകുന്നതിനിടെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ രാജകീയ മഹാവിദ്യാലയത്തില്‍ വച്ചാണ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ സാന്നിധ്യത്തില്‍ പാണ്ഡേ വിവാദ പരാമര്‍ശം നടത്തിയത്. ശിലാസ്ഥാപനത്തിനായി ഒരുക്കിവച്ച ഫലകത്തില്‍ അജ്ഗാര എം.എല്‍.എയുടെ പേരില്ലാത്തതിന്റെ കാരണമന്വേഷിച്ചവരോട്, “അയാളൊരു കള്ളനായതിനാല്‍ ഫലകത്തില്‍ പേരു വച്ചില്ലെ”ന്ന് പാണ്ഡേ പറയുകയായിരുന്നു.
ഇതിനു ശേഷം താന്‍ ദളിതായതിനാലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും പാണ്ഡേയെപ്പോലൊരു വ്യക്തിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും സോന്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞു. മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിവാദ പരാമര്‍ശം പിന്‍വലിച്ച് സോന്‍കറിനെയും അജ്ഗാരയെയും ഒന്നടങ്കം അപമാനിച്ചതിന് മാപ്പു പറയണമെന്ന് എസ്.ബി.എസ്.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നിത്യാനന്ദ് പാണ്ഡേയും ആവശ്യപ്പെട്ടു. സോന്‍കറിനെ പ്രതിചേര്‍ത്ത് ഒരു തട്ടിപ്പുകേസ് നിലവിലുണ്ടെങ്കിലും, ശത്രുക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി വന്ന കള്ളക്കേസാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള എസ്. ബി.എസ്.പി നിയമസഭയില്‍ ബി.ജെ.പിയുടെ ശക്തരായ സഖ്യകക്ഷികളാണ്. കുറച്ചു കാലമായി ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന എസ്.ബി.എസ്.പി-ബി.ജെ.പി ബന്ധത്തിലാണ് ഇതോടുകൂടി കാര്യമായ വിള്ളല്‍ വീണിരിക്കുന്നത്.