ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരായി ഒരു മത്സരം പോലും സഞ്ജുവിന് കളിക്കാന്‍ സാധിക്കില്ലെന്നും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജു സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ടെസ്റ്റില്‍ കളിച്ച സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയതോടെ സഞ്ജുവടക്കമുള്ള യുവതാരങ്ങള്‍ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.
അയര്‍ലന്‍ഡ് പരമ്പരയിലും കൗണ്ടി ടീമുകള്‍ക്കെതിരെ നടന്ന സന്നാഹ മത്സരത്തിലും ഓപ്പണറുടെ റോളിലാണ് സഞ്ജു ഇറങ്ങിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തിളങ്ങിയാണ് സഞ്ജു കരുത്ത് കാട്ടിയത്.
എന്നാല്‍, ടീമിന്റെ സ്ഥിരം ഓപ്പണര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തുന്നതോടെ സഞ്ജുവിന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കില്ല.
ഓപ്പണിങ് സ്‌പെഷ്യലിസ്റ്റുകളായ ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരില്‍ ഒരാള്‍ മറുതലയ്ക്കലും ഇറങ്ങിയാല്‍ സഞ്ജുവിന് ഓപ്പണിങ് കിട്ടില്ല എന്നുറപ്പാവും.
താരത്തിന്റെ സ്ഥിരം പൊസിഷനായ വണ്‍ ഡൗണാണ് ഇനിയുള്ള അടുത്ത ഓപ്ഷന്‍. എന്നാല്‍ അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറിയടിക്കുകയും പരമ്പരയിലെ താരവുമായ ദീപക് ഹൂഡയുള്ളപ്പോള്‍ മൂന്നാം സ്ഥാനവും സഞ്ജുവിന് നഷ്ടമാവും.
നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ പോലും ഇന്ത്യ മിനക്കെടില്ല. അഞ്ചാം സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയും ആറാമതായി ദിനേഷ് കാര്‍ത്തിക്കുമുള്ളപ്പോള്‍ മിഡില്‍ ഓര്‍ഡറിലും താരത്തിന് സാധ്യതയില്ല.
ഇതെല്ലാം മറികടന്ന് ആരാധകരുടെ ആവശ്യം പരിഗണിച്ച് മാത്രം ഇന്ത്യ ടീമിനെ സജ്ജമാക്കുമെന്നും തോന്നുന്നില്ല. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാം.
ആദ്യം നടക്കുന്ന ഒറ്റ ടി-20യില്‍ മാത്രമാണ് സഞ്ജു സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെയാണ് സഞ്ജുവിന് ഇംഗ്ലണ്ട് പര്യടനത്തില്‍ ഒന്നും ചെയ്യാനില്ലാതെ തിരികെ വരേണ്ടിവരും.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍
ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്
Content Highlight: With the return of Rohit Sharma, Sanju Samson is likely to be out of the playing eleven.