ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി സിംബാബ്‌വേ പര്യടനത്തിനുള്ള പുതിയ സ്‌ക്വാഡ്. ശിഖര്‍ ധവാന് പകരം ഇന്ത്യയെ നയിക്കാന്‍ കെ.എല്‍. രാഹുല്‍ എത്തിയതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായത്.
നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ കെ.എല്‍. രാഹുല്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നായകനായ ശിഖര്‍ ധവാന്‍ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്നായിരുന്നു ബി.സി.സി.ഐ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഫിറ്റ്‌നെസ് മടക്കിയെടുത്തതോടെയാണ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ എത്തുന്നത്.
രാഹുല്‍ ക്യാപ്റ്റനാവുന്നതോടെ ശിഖര്‍ ധവാനാവും ഇന്ത്യയുടെ ഉപനായകനാവുക. നേരത്തെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയേക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാലിപ്പോള്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറായോ ഫീല്‍ഡറായോ മാത്രമേ തിളങ്ങാന്‍ സാധിക്കുകയുള്ളൂ.
2022 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിച്ച സഞ്ജു ഇന്ത്യയുടെ ഉപനായകനായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. എന്നാല്‍ രാഹുല്‍ എത്തിയതോടെ അതെല്ലാം അവതാളത്തിലായി.
ഐ.പി.എല്ലിന് ശേഷം താരം കളിക്കുന്ന ആദ്യ പരമ്പരയാകുമിത്. ഏഷ്യാ കപ്പിന് മുന്നോടിയായി രാഹുലിന് ഒരു പരിശീലന മാച്ച് എന്ന നിലയിലും ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തെ കാണാം.
NEWS – KL Rahul cleared to play; set to lead Team India in Zimbabwe.
ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ രാഹുലായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുലിന് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.
റിഷബ് പന്തായിരുന്നു ആ ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. 2-2ന് പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഇതിന് ശേഷം നടന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളും രാഹുലിന് നഷ്ടമായിരുന്നു. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് മുമ്പേ പരിക്ക് മാറി പൂര്‍ണ ആരോഗ്യവാനായെങ്കിലും കൊവിഡ് വില്ലനായെത്തുകയായിരുന്നു.
മൂന്ന് ഏകദിനമാണ് ഇന്ത്യയുടെ സിംബാബ്‌വേ പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരെ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ഷെവ്‌റോണ്‍സ് കളത്തിലിറങ്ങുക.
ഓഗസ്റ്റ് 18, 20, 22 തിയതികളിലായാണ് മത്സരം നടക്കുന്നത്. ഹരാരെ സ്‌പോര്‍സ് ക്ലബ്ബാണ് വേദി.